SignIn
Kerala Kaumudi Online
Friday, 24 April 2026 9.56 PM IST

മൂന്നാർ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം, തീ നിയന്ത്രണ വിധേയമാക്കിയത് എട്ട് മണിക്കൂറെടുത്ത്

Increase Font Size Decrease Font Size Print Page
munnar

 രാത്രി വൈകിയും പുക ഉയരുന്നു

മൂന്നാർ: ബുധനാഴ്ച വൈകിട്ട് മൂന്നാ‌ർ പഞ്ചായത്തിന്റെ കീഴിലുള്ള കല്ലാ‌ർ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വൻ തീപിടിത്തം. ഫയർഫോഴ്സും നാട്ടുകാരും എട്ട് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി വൈകിയും പ്ലാന്റിൽ നിന്ന് പുക ഉയരുന്നുണ്ട്. അപകടസമയത്ത് പ്ലാന്റിൽ തൊഴിലാളികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ബുധൻ വൈകിട്ട് അഞ്ച് മണിയോടെയാണ് മൂന്നാർ ടൗണിൽ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ അകലെയുള്ള കല്ലാർ എസ്റ്റേറ്റിലെ മാലിന്യ പ്ലാന്റിൽ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. പ്ലാന്റിന്റെ വലിയൊരു ഭാഗത്തേക്ക് തീ അതിവേഗം പടരുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ മൂന്നാർ അഗ്നിരക്ഷാ നിലയ തലവൻ സിറാജുദ്ദീന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സ്ഥലത്തെത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാറ്റും മാലിന്യത്തിന്റെ അളവും കാരണം തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് രാജാക്കാട്, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും കൂടുതൽ വാഹനങ്ങളും സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് മാലിന്യക്കൂമ്പാരം നീക്കി വെള്ളമൊഴിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. കനത്ത പുകയും ദുർഗന്ധവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. രാത്രി വൈകിയും തുടർന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചെ രണ്ട് മണിയോടെ വലിയ തീ അണയ്ക്കാനായി. എന്നാൽ ഇന്നലെ രാവിലെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉയർന്ന കറുത്ത പുക സമീപവാസികളിൽ ആശങ്കയുണ്ടാക്കി. തുടർന്ന് ജെ.സി.ബിയുടെ സഹായത്തോടെ മൂന്നാർ അഗ്നിരക്ഷാസേന പുക പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും വളങ്ങളും കത്തിയമർന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായിട്ടുണ്ട്.

തീപിടിച്ചതെങ്ങനെ..?

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. കാട്ടാന ശല്യം തടയാൻ വനംവകുപ്പ് സ്ഥാപിച്ച സോളാർ വേലിയുടെ ബാറ്ററി പൊട്ടിത്തെറിച്ചതാണോ തീപിടിത്തത്തിന് കാരണമെന്ന് സംശയമുണ്ട്. ആരെങ്കിലും മനഃപൂർവം തീയിട്ടതാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചു. മൂന്നാർ ഡിവൈ.എസ്.പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇതിനിടെ പടയപ്പയും

തീപിടുത്തമുണ്ടായ സ്ഥലത്ത് മാലിന്യം ഭക്ഷിക്കാനായി കാട്ടാനയായ പടയപ്പ നിലയുറപ്പിച്ചിരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തടസം സൃഷ്ടിച്ചു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി സംഘവും ചേർന്ന് പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് തുരത്തിയ ശേഷമാണ് ഫയർഫോഴ്സിന് സുഗമമായി ജോലി തുടരാനായത്. ജൈവവളമുണ്ടാക്കുന്നതിനായി മൂന്നാറിലും പരിസരങ്ങളിലും നിന്ന് ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പഴം, പച്ചക്കറി മാലിന്യങ്ങളും പ്ലാന്റിന് സമീപമാണു പഞ്ചായത്ത് സൂക്ഷിക്കുന്നത്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇവ ഭക്ഷിക്കാനെത്തുന്നതും പ്ലാന്റിന് കേടു വരുത്തുന്നതും പതിവായിരുന്നു. രൂക്ഷമായ വന്യമൃഗശല്യം നിയന്ത്രിക്കാനായി നാലു മാസം മുമ്പ് പഞ്ചായത്ത് പ്ലാന്റിന് ചുറ്റും എട്ട് ലക്ഷം രൂപ ചെലവിട്ട് 700 മീറ്റർ നീളത്തിൽ വൈദ്യുതവേലികൾ സ്ഥാപിച്ചിരുന്നു. ഇതോടെ കാട്ടാനശല്യം ഇല്ലായിരുന്നു. എന്നാൽ ശനിയാഴ്ച വൈകിട്ട് ഭക്ഷണം തേടിയെത്തിയ പടയപ്പ വൈദ്യുതവേലി ഭേദിച്ച് അകത്തു കടന്നു. തരം തിരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണു പടയപ്പ തിന്നത്. വിവരമറിഞ്ഞ് രാത്രി സ്ഥലത്തെത്തിയ ആർ.ആർ.ടി സംഘം പടയപ്പയെ ഓടിച്ചെങ്കിലും തുടർന്നും പ്ലാന്റിനു സമീപത്തു തന്നെയായിരുന്നു പടയപ്പ.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.