
കോട്ടയം: താഴേത്തട്ടിൽ നിന്ന് കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ സഹപ്രവർത്തകന് ബി.എം.ഡബ്ല്യു കാർ സമ്മാനിച്ച് ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിംഗ്. 25 വർഷത്തെ സ്‌തുത്യർഹമായ സേവനം പൂർത്തിയാക്കിയ വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശിനാണ് ഓക്‌സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ് ആഡംബര കാർ നൽകിയത്. 19-ാം വയസിൽ സാധാരണ ടെക്‌നീഷ്യനായാണ് പ്രവീൺ പ്രകാശ് ഓക്‌സിജന്റെ ഭാഗമായത്. രണ്ടര പതിറ്റാണ്ടായി കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും വൈസ് പ്രസിഡന്റ് പദവിയിലെത്തി. ഒരു സാധാരണ ജീവനക്കാരൻ നേതൃനിരയിലേക്ക് വളരുന്നത് മറ്റുള്ളവർക്ക് വലിയ പ്രചോദനമാണെന്ന് ഷിജോ കെ. തോമസ് പറഞ്ഞു. ഓരോ ജീവനക്കാരനും നൽകുന്ന മൂല്യമാണ് ഒരു സ്ഥാപനത്തിന്റെ വിജയരഹസ്യമെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരാണ് ഓക്‌സിജന്റെ നട്ടെല്ല്. പ്രവീണിനെപ്പോലെ ദീർഘകാലം സ്ഥാപനത്തോടൊപ്പം നിൽക്കുന്ന ജീവനക്കാർ നേതൃത്വത്തിലും ടീം മാനേജ്‌മെന്റിലുമുള്ള വിശ്വാസത്തിന്റെ അടയാളമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്ത് നടന്ന ചടങ്ങിൽ ഓക്‌സിജന്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |