
മുകേഷ് അംബാനിയെ മറികടന്നു
കൊച്ചി: മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി സ്വന്തമാക്കി. പോർട്ടുകൾ മുതൽ ഊർജം വരെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ഗൗതം അദാനിക്ക് നേട്ടമായത്. ബ്ളൂംബർഗിന്റെ ശതകോടീശ്വര പട്ടികയിൽ 9,260 കോടി ഡോളർ(8.6 ലക്ഷം കോടി രൂപ) ആസ്തിയുമായാണ് ഇന്ത്യയിലും ഏഷ്യയിലും അദാനി ഒന്നാമതെത്തിയത്. നേരത്തെ അദാനി ഒന്നാമതെത്തിയെങ്കിലും ഹിണ്ടൻബെർഗ് ആരോപണങ്ങളെ തുടർന്ന് ഓഹരി വില കുത്തനെ ഇടിഞ്ഞതോടെ പട്ടികയിൽ താഴേക്ക് പോയിരുന്നു. കഴിഞ്ഞ മാസങ്ങളിൽ ആഗോള അനിശ്ചിതത്വങ്ങൾ മറികടന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ആഗോള തലത്തിൽ പട്ടികയിൽ 19ാം സ്ഥാനമാണ് ഗൗതം അദാനിക്ക്. ഗൗതം അദാനിയുടെ പത്ത് കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ശൃംഖല, വലിയ പുനരുജ്ജീവന ഇന്ധന ഉത്പാദകർ, ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്റർ, ലോകത്തിലെ മുൻനിര കൽക്കരി ഉത്പാദകർ തുടങ്ങിയ പദവികളും അദാനി ഗ്രൂപ്പിന് സ്വന്തമാണ്.
കഴിഞ്ഞ വർഷങ്ങളിൽ ഏഷ്യയിലെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമ മുകേഷ് അംബാനി ഇത്തവണ 9,080 കോടി ഡോളർ(8.45 ലക്ഷം കോടി രൂപ) ആസ്തിയോടെ രണ്ടാമതായി. ആഗോള പട്ടികയിൽ അംബാനിയുടെ സ്ഥാനം 20ലേക്ക് താഴ്‌ന്നു.
ആഗോള തലത്തിൽ മസ്‌ക് ഒന്നാമത്
ശതകോടീശ്വരന്മാരുടെ ആഗോള പട്ടികയിൽ ടെസ്‌ലയുടെ ചീഫ് എക്‌സിക്യുട്ടീവ് ഇലോൺ മസ്‌ക് ഒന്നാം സ്ഥാനം നിലനിറുത്തി. സ്‌പേസ് എക്‌സ്, എക്‌സ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ ഉടമയായ മസ്‌കിന്റെ ആസ്തി 65,600 കോടി ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള ആൽഫബെറ്റിന്റെ സഹ സ്ഥാപകനായ ലാറി പേജിന്റെ 28,600 കോടി ഡോളറിനേക്കാൾ ഇരട്ടിയിലേറെ ആസ്തിയാണ് മസ്‌കിനുള്ളത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 26,900 കോടി ഡോളർ ആസ്തിയുമായി പട്ടികയിൽ മൂന്നാമതെത്തി. ലോകത്തിലെ അൻപത് അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഗൗതം അദാനിയും മുകേഷ് അംബാനിയും മാത്രമാണ് ഇടം പിടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |