
കൊച്ചി: ഇറാൻ യുദ്ധം വീണ്ടും രൂക്ഷമായതോടെ ഇന്ത്യയിലെ കാർഷിക മേഖലയിൽ വെല്ലുവിളിയേറുന്നു. അസംസ്കൃത സാധനങ്ങളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചതിനാൽ ഉത്പാദന ചെലവ് കൂടുന്നതും കാലാവസ്ഥയിലെ വ്യതിയാനവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഹോർമുസ് ഇടനാഴി വീണ്ടും അടച്ചതോടെ ചരക്കു നീക്കം ഗണ്യമായി കുറഞ്ഞതിനാൽ വളം മുതൽ ഇന്ധനം വരെയുള്ള സാധനങ്ങൾ ലഭിക്കാത്തതാണ് കർഷകരെ വലയ്ക്കുന്നത്. കെമിക്കലുകൾ, കാർഷിക ഉപകരണങ്ങൾ, വളം തുടങ്ങിയവയുടെ വില കുതിച്ചുയരുന്നതും വെല്ലുവിളി ഉയർത്തുന്നു. ഉത്തരേന്ത്യയിൽ വിളവെടുപ്പ് കാലത്തിന് തുടക്കമാകുമ്പോൾ ഡീസലും രാസവളവും ആവശ്യത്തിന് കിട്ടാനില്ലാത്ത സാഹചര്യമാണ്. പാഡി സീസണിന് തയ്യാറെടുപ്പ് തുടങ്ങുമ്പോൾ ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന തുടങ്ങിയ പ്രധാന കാർഷിക ഉത്പാദന സംസ്ഥാനങ്ങളിൽ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.
വേനൽചൂട് രൂക്ഷമാകുന്നതും മഴ വൈകുന്നതും നടപ്പുവർഷം രാജ്യത്തെ കാർഷിക ഉത്പാദനം കുത്തനെ കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടെയാണ് അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും ക്ഷാമവും കർഷകരെ വലയ്ക്കുന്നത്.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പ്രതിഫലനം ഇന്ത്യൻ കാർഷിക മേഖലയിലും ദൃശ്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.
പെട്രോളിയം പമ്പുകളിൽ ഡീസലിന്റെ ചില്ലറ വിൽപ്പന കമ്പനികൾ നിയന്ത്രിച്ചതോടെ കാർഷിക ആവശ്യങ്ങൾക്ക് ഇന്ധന ലഭ്യത കുറഞ്ഞു. മോട്ടോർ പമ്പുകൾ, ട്രാക്‌ടറുകൾ, ട്രില്ലറുകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ നിയന്ത്രണം പ്രതികൂലമായി ബാധിച്ചു. ഇതോടൊപ്പം സർഫ്യൂരിക് ആസിഡ് അടക്കമുള്ള സാധനങ്ങൾ ലഭിക്കാത്തതിനാൽ രാജ്യത്തെ പ്രമുഖ കമ്പനികൾ രാസവളം ഉത്പാദനത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതും വെല്ലുവിളി ശക്തമാക്കി.
നടപ്പുവർഷം രാജ്യത്തെ കാർഷിക മേഖലയിലെ ഉത്പാദന ചെലവിൽ 20 ശതമാനത്തിലധികം വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വർദ്ധനയും കാർഷിക മേഖലയ്ക്ക് വിനയാകും. വിളവെടുപ്പിന് തയ്യാറായ കാർഷിക ഉത്പന്നങ്ങൾ കൊയ്തെടുക്കാനുള്ള യന്ത്രങ്ങൾ ലഭിക്കാത്തതും വെല്ലുവിളിയാണ്. രാസവളം വിലയിലെ വർദ്ധന മൂലം വിളവെടുപ്പ് ചെലവ് ഹെക്‌ടറിന് 3,500 രൂപ വരെ വർദ്ധിച്ചെന്നും കർഷകർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |