
ലാഭവും ബിസിനസും ഉയരുന്നു
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസക്കാലയളവിൽ പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് മികച്ച പ്രകടനവുമായി രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കുകൾ. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിനിടെ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവ ലാഭത്തിലും ബിസിനസിലും മികച്ച നേട്ടമുണ്ടാക്കി, കഴിഞ്ഞ രണ്ട് ധന നയ അവലോകന യോഗത്തിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്നതാണ് ബാങ്കുകൾക്ക് ആശ്വാസമായത്. ഇതോടെ ബാങ്കുകളുടെ അറ്റ പലിശ വരുമാനവും മെച്ചപ്പെട്ടു.
അവലോകന കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ 17,616.14 കോടി രൂപയിൽ നിന്ന് 9.11 ശതമാനം ഉയർന്ന് 19,221.05 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ വരുമാനം 3.8 ശതമാനം വർദ്ധനയോടെ 33,281.5 കോടി രൂപയിലെത്തി. പലിശ മാർജിൻ മൊത്തം ആസ്തിയുടെ 3.38 ശതമാനമാണ്.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം അവലോകന കാലയളവിൽ 8.5 ശതമാനം വർദ്ധിച്ച് 13,701.68 കോടി രൂപയായി. അറ്റ പലിശ വരുമാനം 8.4 ശതമാനം ഉയർന്ന് 22,979 കോടി രൂപയായി. അറ്റ പലിശ മാർജിൻ 4.32 ശതമാനമായി ഉയർന്നു.
യെസ് ബാങ്കിന്റെ അറ്റാദായം 44.7 ശതമാനം കുതിപ്പോടെ 1,068.42 കോടി രൂപയായി. അറ്റ പലിശ വരുമാനം 16 ശതമാനം ഉയർന്ന് 2,637.7 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ 2.7 ശതമാനമായി ഉയർന്നു.
കിട്ടാക്കടം കുറയുന്നു
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ബാങ്കുകളുടെ ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി(എൻ.പി.എ) മാർച്ച് പാദത്തിൽ 3.17 ശതമാനത്തിലേക്ക് താഴ്ന്നു. അറ്റ എൻ.പി.എ 6.7 ശതമാനത്തിലേക്ക് കുറഞ്ഞു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മൊത്തം കിട്ടാക്കടത്തിന്റെ തോത് 1.4 ശതമാനത്തിലേക്ക് താഴ്ന്നു. അറ്റ എൻ.പി.എ 0.33 ശതമാനമാണ്. യെസ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം 10.2 ശതമാനത്തിലേക്കും അറ്റ എൻ.പി.എ 2.7 ശതമാനത്തിലേക്കും താഴ്‌ന്നു.
നിക്ഷേപവും വായ്പയും ഉയരുന്നു
മാർച്ച് പാദത്തിൽ ബാങ്കുകളുടെ നിക്ഷേപങ്ങളും വായ്പകളും ഗണ്യമായി ഉയർന്നു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നിക്ഷേപം മുൻവർഷത്തേക്കാൾ 14.4 ശതമാനം വർദ്ധിച്ച് 31.05 ലക്ഷം കോടി രൂപയായി. വായ്പകൾ 29.66 ലക്ഷം കോടി രൂപയായി ഉയർന്നു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നിക്ഷേപം 11.4 ശതമാനം ഉയർന്ന് 17.94 ലക്ഷം കോടി രൂപയിലെത്തി.
ലാഭവിഹിതം(ഓഹരി ഒന്നിന്)
എച്ച്.ഡി.എഫ്.സി ബാങ്ക് : 13 രൂപ
ഐ.സി.ഐ.സി.ഐ ബാങ്ക് : 12 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |