ആലപ്പുഴ: യുവാവിനെ കത്രികകൊണ്ട് കുത്തിയ പ്രതി അറസ്റ്റിൽ. ആലപ്പുഴ ഇരവുകാട് സ്വദേശി മുഹമ്മദ് യാസിനെയാണ് (26) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യാട് സ്വദേശി മുഹമ്മദ് ബാദുഷക്കാണ് (30) കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ല.
ഇന്നലെ പുലർച്ച 1.15ന് ആലപ്പുഴ വെള്ളക്കിണറിലാണ് സംഭവം. മൂന്നുമാസം മുമ്പ് മുഹമ്മദ് യാസിനും മുഹമ്മദ് ബാദുഷയും സുഹൃത്തും ഓട്ടോഡ്രൈവറുമായ നൗഷാദും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബാദുഷവും നൗഷാദും ചേർന്ന് യാസിനെ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം വച്ച് മർദ്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുഹമ്മദ് യാസിൽ വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോവിളിച്ചു. ഇത് നൗഷാദിന്റെ ഓട്ടോയായിരുന്നു. ഓട്ടോയിൽ വെള്ളക്കിണറിലെത്തിയപ്പോൾ നൗഷാദിനെ, യാസിൻ തിരിച്ചറിഞ്ഞു. തുടർന്ന് വാക്കേറ്റമുണ്ടാകുകയും യാസിനെ വണ്ടിയിൽനിന്ന് ഇറക്കിവിടുവാൻ ശ്രമിച്ചു. കൂടാതെ മുഹമ്മദ് ബാദുഷയെ, നൗഷാദ് ഫോണിൽ വിളിച്ചുവരുത്തി. ബൈക്കിൽ വന്ന ബാദുഷ ഹെൽമറ്റുകൊണ്ട് മുഹമ്മദ് യാസിന്റെ മുഖത്ത് അടിച്ചു. ബാദുഷ കൈയിൽ കരുതിയ കത്രിക യാസിന് നേരെ വീശി. എന്നാൽ, കത്രികപിടിച്ചെടുത്ത് യാസിൻ, ബാദുഷയുടെ വയറിൽ കുത്തിയെന്നാണ് പൊലീസ് പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |