
കൊല്ലം: കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ വടിവാൾ വീശി യുവാവിന്റെ പരാക്രമം. കുണ്ടറ സ്വദേശി അജോയ് അശോകനാണ് ക്ഷേത്രോത്സവത്തിനിടെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. ഉത്സവത്തിനെത്തിയവരുമായി വാക്കുതർക്കമുണ്ടാക്കിയ ഇയാൾ ചിലരെ ആക്രമിക്കുകയും ചെയ്‌തു. കുണ്ടറയിലെ ഞാലിയോട് അമ്പിപ്പൊയ്‌ക ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിനിടെയായിരുന്നു സംഭവം.
അജോയ് അശോകന്റെ സഹോദരൻ രണ്ട് മാസം മുൻപ് ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുതെന്ന് ഇയാൾ പലതവണ ഭരണസമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര ഭരണസമിതി കമ്മിറ്റികൂടിയ സമയത്തും ഇയാൾ ഇക്കാര്യം ആവശ്യപ്പെട്ട് പ്രശ്‌നം ഉണ്ടാക്കിയിരുന്നു. അതേതുടർന്ന് ക്ഷേത്രഭാരവാഹികൾ നേരത്തെതന്നെ യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
നാട്ടിലെ വിവിധ കുടുംബങ്ങൾ ചേർന്നാണ് ഉത്സവം നടത്തിവരുന്നത്. അതിനാൽ ഇത്തവണയും മുടക്കംകൂടാതെ ഉത്സവം നടത്തണമെന്നതായിരുന്നു കമ്മിറ്റി തീരുമാനം. കമ്മിറ്റിക്കാർ തന്റെ ആവശ്യം അനുസരിക്കാത്തതിൽ പ്രകോപിതനായാണ് ഇയാൾ ഉത്സവത്തിനിടെ സുഹൃത്തിനൊപ്പം എത്തി പ്രശ്‌നമുണ്ടാക്കിയത്. ആദ്യം വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും പിന്നീട് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ക്ഷേത്രഭരണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |