
മണി പ്രവാഹം - 18
നിയമ പരിരക്ഷ കുറയും
കൊച്ചി: വിലയിലെ കനത്ത ചാഞ്ചാട്ടം സ്വർണ നിക്ഷേപകർക്ക് ഹരമാകുകയാണ്. ആഭരണമായി മാത്രം വാങ്ങിയിരുന്ന സ്വർണം ഇപ്പോൾ നിക്ഷേപവുമാണ്. വില കുറയുമ്പോൾ വാങ്ങി കൂടുമ്പോൾ വിറ്റ് ലാഭമുണ്ടാക്കുന്ന അപകടകരമായ പ്രവണതയും വിപണിയിൽ സജീവമാണ്. ജുവലറിയിൽ പോകാതെ വീട്ടിലിരുന്ന് സ്വർണം വാങ്ങാനുള്ള ഡിജിറ്റൽ മാർഗങ്ങൾക്ക് ജനപ്രീതിയേറുകയാണ്. മൊബൈൽ ആപ്പുകളിലൂടെ പത്ത് രൂപ മുടക്കിയും “ഡിജിറ്റൽ ഗോൾഡ്” വാങ്ങാനാകും. വിവിധതരം ആപ്പുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ കരുതൽ വേണമെന്ന സെബിയുടെ മുന്നറിയിപ്പും ആരും ചെവികൊള്ളുന്നില്ല. ഇന്ത്യയിൽ സ്വർണ നിക്ഷേപത്തിന് നിയമപരമായ നിയന്ത്രണമുള്ളതും സുരക്ഷിതവുമായ നിരവധി മാർഗങ്ങളുണ്ട്. ഗോൾഡ് ഇ.ടി.എഫ്, ഇലക്ട്രോണിക് ഗോൾഡ് റെസീപ്‌റ്റുകൾ, ഡെറിവേറ്റീവ് ഉത്പന്നങ്ങൾ തുടങ്ങിയവ കർശനമായ നിയമപരമായ മേൽനോട്ടത്തിനും ഓഡിറ്റിംഗിനും വിധേയമാണ്. എന്നാൽ ഡിജിറ്റൽ ഗോൾഡ് വ്യാപാരത്തിൽ നിയന്ത്രണങ്ങളോ നിയമപരിരക്ഷയോ പ്രതീക്ഷിക്കരുത്.
നിയമ സംരക്ഷണമില്ല
ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നവർക്ക് നിയമപരമായ സംരക്ഷണമില്ല. ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്ഫോമിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാലോ സേവനത്തിൽ വീഴ്ച വന്നാലോ നിക്ഷേപകർക്ക് ആശ്രയിക്കാൻ പരാതി പരിഹാര സംവിധാനമില്ല. ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നവർ സ്വന്തം റിസ്‌കിൽ തീരുമാനമെടുക്കണമെന്ന് സെബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാങ്ങാനുള്ള സൗകര്യവും ചെറിയ തുക നിക്ഷേപിക്കാനുള്ള അവസരവും ശക്തമായ മാർക്കറ്റിംഗുമാണ് ഡിജിറ്റൽ സ്വർണ വ്യാപാരത്തിന്റെ കരുത്ത്. നിക്ഷേപത്തിൽ സൗകര്യം മാത്രമല്ല സുരക്ഷയും സുതാര്യതയും പരിഗണിക്കണം.
അടിസ്ഥാന ചോദ്യങ്ങൾ
ഡിജിറ്റൽ സ്വർണം ആരാണ് സൂക്ഷിക്കുന്നത്? സംഭരണത്തിനും ഓഡിറ്റിംഗിനും മേൽനോട്ടം ആരാണ്? പ്ലാറ്റ്ഫോം പ്രവർത്തനം നിർത്തിയാൽ എന്ത് സംഭവിക്കും? നമ്മൾ വാങ്ങിയ അളവിന് തത്തുല്യമായ യഥാർത്ഥ സ്വർണം സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമില്ലെങ്കിൽ നിക്ഷേപം അപകടത്തിലാകും. ഡിജിറ്റൽ ഗോൾഡ് വ്യാപാരം നിക്ഷേപകനും പ്ലാറ്റ്ഫോമും തമ്മിലുള്ള ഒരു സ്വകാര്യ കരാറാണ്.
ഗോൾഡ് ഇ.ടി.എഫ് പരിഗണിക്കാം
ഗോൾഡ് ഇ.ടി.എഫ് പോലുള്ള നിയമപരമായ മാർഗങ്ങൾ സുതാര്യവും സുരക്ഷിതവുമാണ്. ഓരോ നിക്ഷേപത്തിനും തത്തുല്യമായ സ്വർണം ലോഹ രൂപത്തിൽ സൂക്ഷിച്ച് കൃത്യമായ മേൽനോട്ടത്തിന് ഇവിടെ വിധേയമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |