SignIn
Kerala Kaumudi Online
Saturday, 02 May 2026 3.19 PM IST

പ്രവാസികൾ അറിയാൻ; ഈ കാഴ്‌ച ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം, പരിഭ്രമിക്കേണ്ട പകരം ചെയ്യേണ്ടത്

Increase Font Size Decrease Font Size Print Page
uae

അബുദാബി: പാമ്പുകൾ പൊതുവേ അപകടകാരികളാണ്. കരയിൽ കാണുന്ന പാമ്പുകളാണ് മനുഷ്യരെ കടിക്കുന്നത്. എന്നാൽ, കടൽ പാമ്പുകൾ കൊടുംവിഷമുള്ളവയാണെങ്കിലും മനുഷ്യരെ ഉപദ്രവിക്കുന്നത് വളരെ കുറവാണ്. ഇപ്പോഴിതാ അബുദാബിയിലെ താമസക്കാർക്ക് കടൽപ്പാമ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. അബുദാബി ബീച്ചിൽ കറുപ്പും ചാര നിറത്തിലുമുള്ള പാമ്പുകളെ കണ്ടാൽ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും അധികൃതർ തീരുമാനിച്ചു.

'ഇത്തരം മൃഗങ്ങളെ കണ്ടാൽ അവ അപകടകാരികളാണെന്നാണ് പലരും തെറ്റിദ്ധരിക്കുന്നത്. എന്നാൽ, കടൽത്തീരത്ത് വന്ന് കിടക്കുന്ന ഇത്തരം പാമ്പുകൾ രോഗം ബാധിച്ചതാണ്. സാധാരണ വെള്ളത്തിൽ കഴിയുന്ന ഇവ കരയിലെത്തിയാൽ അവയ്‌ക്ക് സഹായം വേണമെന്നാണ് അർത്ഥം. കൊടുംവിഷമുള്ളതാണെങ്കിലും ഇവ അപകടകാരികളല്ല.

മനുഷ്യരെ കണ്ടാൽ അവ അകന്നുപോകാൻ ശ്രമിക്കും. ചെറിയ മത്സ്യങ്ങളെയാണ് ഇവ ഭക്ഷിക്കുന്നത്. ഇവയെ കണ്ടാൽ ഒരിക്കലും നേരിട്ട് സ്‌പർശിക്കാൻ നോക്കരുത്. പകരം ഉടൻതന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുക. വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് ഇവയെ എങ്ങനെ മാറ്റാം എന്ന പരിശീലനം നൽകുന്നുണ്ട്. കൈകൊണ്ട് തൊടാതെ കടൽപ്പാമ്പിനെ കണ്ടെയ്‌നറുകളിലാക്കാൻ പരിശീലനത്തിൽ പഠിപ്പിക്കുന്നുണ്ട്. അമിതമായി വെയിലേറ്റാൽ കടൽപ്പാമ്പുകൾ ചത്തുപോകാനും സാദ്ധ്യതയുണ്ട്. എത്രയും വേഗം അവയെ സ്ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാം' - സീ വേൾഡ് യാസ് ഐലൻഡ് അബുദാബിയിലെ സുവോളജിക്കൽ വൈസ് പ്രസിഡന്റും ജനറൽ ക്യൂറേറ്ററുമായ റോബ് യോർഡി പറഞ്ഞു.

snake

ഇതുവരെ ഏകദേശം 100 കടൽപ്പാമ്പുകളെ രക്ഷിക്കാനായെന്ന് സീ വേൾഡ് അബുദാബി അറിയിച്ചു. കഴിഞ്ഞ വർഷം ഏകദേശം 67 കടൽപ്പാമ്പുകളെ രക്ഷിക്കാനായി. ഈ വർഷം പകുതിയാകുന്നതിന് മുമ്പ് തന്നെ 100 പാമ്പുകളെ രക്ഷിക്കാനായി. കരയ്‌ക്കടിഞ്ഞ പാമ്പുകളെ പിടികൂടി വേണ്ട ചികിത്സ നൽകിയ ശേഷമാണ് തിരികെ കടലിലേക്ക് വിടുന്നത്.

TAGS: NEWS 360, GULF, GULF NEWS, UAE, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY