
കൊച്ചി: കത്തുന്ന വേനലിന് മുൻപ് തന്നെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി അനുഭവപ്പെട്ട കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണമാകുന്നത് വിവിധയിടങ്ങളിലെ കുടിവെള്ള ടാങ്കുകൾ. പണി പൂർത്തിയായതും പൂർത്തിയാകാത്തതുമായ പത്തിലേറെ മേജർ കുടിവെള്ള പദ്ധതികളാണ് ജില്ലയിലെമ്പാടും മുടങ്ങിക്കിടക്കുന്നത്. തമ്മനം, കാക്കനാട്, ഏലൂർ, ആലുവ, കോലഞ്ചേരി, വൈപ്പിൻ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ള ടാങ്ക് പദ്ധതികളിൽ നിന്ന് വെള്ളമെത്താതിരിക്കുകയോ പദ്ധതികൾ പൂർത്തിയാകാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ട്.
കോലഞ്ചേരിയിൽ മൂന്നിടങ്ങളിലാണ് കുടിവെള്ള ടാങ്ക് പദ്ധതികൾ പണി പൂർത്തിയാകാതെ കിടക്കുന്നത്. തിരുവാണിയൂർ, കറുകപ്പള്ളി, പട്ടിമറ്റം എന്നിവിടങ്ങളിലാണിത്. തിരുവാണിയൂർ പഞ്ചായത്തിലെ വലിയ ടാങ്കിന്റെ പണി പൂർത്തീകരിച്ചെങ്കിലും പൈപ്പുകൾ ഇടുന്നത് ഉൾപ്പെടെയുള്ള അനുബന്ധ ജോലികളൊന്നും നടന്നിട്ടില്ല.
ലക്ഷങ്ങൾ മുടക്കിയുള്ള ഈ കുടിവെള്ള പദ്ധതി പതിനായിരങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനാകുന്നതാണ്. കറുകപ്പള്ളിയിലെ ടാങ്ക് നിർമ്മാണം പാതിവഴിയിലാണ്. പട്ടിമറ്റത്തെ ടാങ്കാകട്ടെ നിർമ്മാണം പോലും തുടങ്ങിയിട്ടുമില്ല.
ആലുവ 190 എം.എൽ.ഡി ടാങ്ക്
ആലുവയിൽ 190 എം.എൽ.ഡി കുടിവെള്ള ടാങ്ക് നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാൽ പദ്ധതി കടലാസിലൊതുങ്ങി. ഇത് എ.ഡി.ബി പദ്ധതിയിൽ ഉൾപ്പെടുത്താനാകുമോ എന്ന് പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നുവെങ്കിലും അതും നടപ്പായില്ല.
കാക്കനാട്ടെ ടാങ്കെവിടെ?
തൃക്കാക്കര, കാക്കനാട് പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം ആരംഭിച്ചിട്ട് നാളുകളേറെയായി. ഇവിടങ്ങളിൽ ജനസാന്ദ്രതയേറിയിട്ടും ആവശ്യത്തിന് കുടിവെള്ളം സംഭരിക്കാൻ സംവിധാനമില്ല. കളമശേരിയിൽ പുതുതായി നിർമ്മിക്കാൻ ലക്ഷ്യമിടുന്ന 40ലക്ഷം ലിറ്റർ ജലസംഭരണിയാണ് കാക്കനാട്ടുകാർക്കുള്ള ഏകപ്രതീക്ഷ. കാക്കനാട്ടെ ടാങ്ക് നിർമ്മാണം തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും നിർമ്മാണം പൂർത്തിയായിട്ടില്ല. നഗരസഭയുടെ 38-ാം വാർഡിൽ ഓലിമുഗൾ ഭാഗത്തെ ചെറിയടാങ്കാണ് ഇപ്പോൾ ജലവിതരണത്തിനുള്ള ഏകമാർഗം.
തമ്മനം ടാങ്കും വൈകുന്നു
തമ്മനത്ത് തകർന്ന കൂറ്റൻ വാട്ടർ ടാങ്കിന് പകരമായി പുതിയ ടാങ്ക് നിർമ്മിക്കുന്ന നടപടികളും അനിശ്ചിതമായി നീളുകയാണ്. 35 ലക്ഷത്തിലേറെ ലിറ്റർ സംഭരണ ശേഷിയുള്ള പുതിയ വാട്ടർടാങ്ക് നിർമ്മിക്കുന്നതിന് പ്രാഥമിക രൂപരേഖയും 25 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി നൽകിയെങ്കിലും ജലഅതോറിട്ടി സംസ്ഥാനതല ഓഫീസിന്റെ അനുമതി ലഭിച്ചില്ല. തമ്മനത്തെ വാട്ടർ അതോറിട്ടിയുടെ സ്ഥലത്ത് തന്നെ ടാങ്ക് നിർമ്മിക്കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
ഏലൂരിലെ 8കോടിയുടെ ടാങ്കും അവതാളത്തിൽ
ഏലൂർ വടക്കുംഭാഗം, നാറാണം, മഞ്ഞുമ്മൽ പ്രദേശങ്ങളിൽ ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഏലൂർ നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ 8.70 കോടി രൂപ ചെലവിൽ 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഞ്ഞുമ്മൽ ഓവർ ഹെഡ് വാട്ടർ ടാങ്കിന്റെ നിർമ്മാണം 2025 ജൂലായിൽ ആരംഭിച്ചെങ്കിലും പണി പൂർത്തിയായിട്ടില്ല. 18 മാസം കൊണ്ട് ടാങ്കിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |