SignIn
Kerala Kaumudi Online
Friday, 24 April 2026 5.31 AM IST

സംരക്ഷിക്കാനാളില്ലാതെ മഹാശിലായുഗ സ്മാരകങ്ങൾ

Increase Font Size Decrease Font Size Print Page
mahasila
നടുവിൽ നേന്ത്രവട്ടത്ത് അവശേഷിക്കുന്ന ശിലായുഗ കാലഘട്ടത്തിലെ കൽവട്ടം

നടുവിൽ: മാനവ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളെന്നു വിളിക്കാവുന്ന ശിലായുഗ കാലഘട്ടത്തിലെ ചരിത്രസ്മാരകങ്ങളായ വട്ടകല്ലറകളിൽ അവസാനത്തേതും നാശത്തിന്റെ വക്കിൽ. മൂവായിരത്തോളം വർഷം പഴക്കമുള്ള പന്ത്രണ്ടോളം കൽവട്ടങ്ങൾ (സ്റ്റോൺ സർക്കിൾ) മൂന്നു പതിറ്റാണ്ടു മുമ്പു വരെ നടുവിൽ ടൗണിനോടു ചേർന്ന പ്രദേശമായ നേന്ത്രവട്ടത്തിൽ ഉണ്ടായിരുന്നു. മൂവായിരം വർഷം നശിപ്പിക്കാതെ കിടന്ന 11 കൽവട്ടങ്ങൾ മൂന്നു പതിറ്റാണ്ടിനിടയിൽ കൈയേറ്റത്തിലൂടെയും അതിക്രമത്തിലൂടെയും നശിപ്പിച്ചു. അവശേഷിക്കുന്നത് ഒരെണ്ണം മാത്രം!

നടുവിൽ ടൗണിനോട് ചേർന്ന് വിശാലമായ ചെങ്കൽ പാറയായിരുന്ന നേന്ത്രവട്ടത്ത് രണ്ടേക്കറോളം സ്ഥലത്താണ് ഈ ചരിത്ര സ്മാരങ്ങൾ ഉണ്ടായിരുന്നത്. പ്രാചീന മനുഷ്യന്റെ ശില്പചാതുര്യത്തിന്റെ ഉദാഹരണമായ വട്ടക്കൽ നിർമ്മിതികൾ കൈയേറി കൂറ്റൻ പാറക്കല്ലുകൾ കടത്തിക്കൊണ്ടു പോവുകയായിരുന്നു.

പുരാവസ്തു നിയമപ്രകാരം പൗരാണിക നിർമ്മിതികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ റവന്യു ഭൂമിയാണ്. എന്നാൽ ഇവിടുത്തെ സ്മാരകങ്ങൾ സ്ഥിതി ചെയ്തിരുന്ന ഭൂമി മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുകയും ചരിത്രസ്മാരകങ്ങൾ നശിപ്പിക്കുകയുമായിരുന്നു.

1990ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം അദ്ധ്യാപകനായിരുന്ന പ്രൊഫസർ ജോൺ ഓച്ചന്തുരുത്തിന്റെ നേതൃത്വത്തിൽ നടത്തിയ പര്യവേഷണത്തിൽ ഇത്തരത്തിൽ ഒരു വട്ടക്കല്ലിനുള്ളിലെ ചെങ്കൽ ഗുഹയിൽ നിന്നും സ്വർണ്ണാഭരണം, പിച്ചള പാത്രം, ഇരുമ്പ് വാൾ, പിച്ചാത്തി , ശൂലം, കത്തികൾ, ഇരുമ്പ് പാത്രം, ഉളി, കൽവിളക്ക്, മുക്കാലി, മാലയിൽ ഉപയോഗിക്കുന്ന മുത്തുകൾ, മൺപാത്രങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. ഏറെ ചരിത്ര പ്രാധാന്യമുള്ളവയാണ് കണ്ടെടുത്ത ഈ വസ്തുക്കൾ.

കൽവട്ടങ്ങൾ അഥവാ ശവക്കല്ലറകൾ

മരണപ്പെട്ട പിതാമഹരുടെ ശവക്കല്ലറകളാണ് ഇതെന്ന് വിശ്വസിക്കുന്നു. കൂറ്റൻ ചെങ്കൽപ്പാറകൾ വലിയ പാളികളായി കൊത്തിയെടുത്ത് കുത്തനെ വട്ടത്തിൽ കുഴിച്ചിട്ട് നിർമ്മിച്ചവയാണ് ഈ കൽവട്ടങ്ങൾ. ഓരോ കൽപാളികളും രണ്ടുമീറ്ററോളം ഉയരവും ഒന്നര മീറ്ററോളം വീതിയുമുള്ളവയാണ്. നടുക്ക് ചെങ്കൽപ്പാറ തുറന്ന് ചെറിയ പ്രവേശന കവാടത്തോടെയുള്ള ഗുഹയാണുള്ളത്. ഇതൊക്കെ മണ്ണും മാലിന്യവും നിക്ഷേപിച്ചു കാടുകയറി നശിക്കുകയാണ്. കേരളത്തിൽ പ്രത്യേകിച്ചും വടക്കേ മലബാറിൽ 3000 വർഷങ്ങൾക്കു മുമ്പ് പ്രാചീന ശിലായുഗത്തിൽ മനുഷ്യവാസമുണ്ടായിരുന്നതിന്റെ തെളിവാണ് ഇവയെന്ന് പുരാവസ്തു ശാസ്ത്രജ്ഞന്മാർ പറയുന്നു.

പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ട ചരിത്ര നിർമ്മിതികൾ പഞ്ചായത്തും റവന്യൂ വകുപ്പും ഏറ്റെടുത്ത് പുരാവസ്തു സംരക്ഷണ നിയമം പ്രകാരം സംരക്ഷിക്കണം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടുവിൽ യൂണിറ്റ്

TAGS: LOCAL NEWS, KANNUR, HISTORIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.