കണ്ണൂർ: ചൂട് കൂടിയതോടെ ക്ഷീരമേഖലയിൽ കടുത്ത പ്രതിസന്ധി. പാൽ ഉത്പാദനം വൻതോതിൽ കുറഞ്ഞത് കർഷകർക്ക് വൻ തിരിച്ചടിയായി.
കറവ പശുക്കളുടെ നിത്യചിലവിനു പോലും പാൽ ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ. വരുമാനം കുറഞ്ഞതോടെ പല കർഷകരും മേഖലയിൽ നിന്ന് പിന്നോട്ടു വലിയുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ജില്ലയിൽ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പാരമ്പര്യ ക്ഷീരകർഷകർക്കു പോലും പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. മാർച്ച് പകുതിയോടു കൂടി തന്നെ പ്രതിസന്ധി നേരിട്ടുതുടങ്ങിയിരുന്നു.
ഇതിനു പുറമെ കാലിത്തീറ്റയുടെ വിലയിലുണ്ടായ വർദ്ധന കൂനിന്മേൽ കുരുവായിരിക്കുകയാണ്. പ്രതിദിനം 12 മുതൽ 15 കിലോഗ്രാം വരെ കാലിത്തീറ്റയാണ് കറവ പശുങ്ങൾക്ക് നൽകേണ്ടത്. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1200 മുതൽ 1300 രൂപ വരെയാണ് നിലവിലെ വില.
ചിലവ് ഗണ്യമായി വർദ്ധിക്കുകയും വരുമാനം കുറയുകയുമാണെന്ന് കർഷകർ വിലപിക്കുന്നു. ഒരു ലിറ്റർ പാലുത്പാദിപ്പിക്കാൻ 60-65 രൂപയോളമാണ് ചിലവ്. എന്നാൽ, കർഷകർക്ക് ലഭിക്കുന്നതാകട്ടെ 50 രൂപയോ അതിൽ താഴെയോ മാത്രമാണ്.
തീറ്റപ്പുല്ല് ക്ഷാമവും മേഖലയ്ക്ക് വെല്ലുവിളിയാണ്. നിലവിൽ പച്ചപ്പുല്ല് വേണ്ടത്ര ലഭിക്കാത്തതും കൃഷിചെയ്തിരുന്ന തീറ്റപ്പുല്ല് കരിഞ്ഞുണങ്ങിയതും തിരിച്ചടിയായി. ചൂട് കൂടുമ്പോൾ തീറ്റ കഴിക്കാനും പശുക്കൾ മടിക്കുകയാണ്. മതിയായ തീറ്റ കഴിക്കാത്തതും പാലുത്പാദനത്തിൽ കുറവുണ്ടാക്കുന്നു.
ആനുകൂല്യങ്ങളില്ലാതെ കർഷകർ
ക്ഷീര സംഘങ്ങളിൽ 40 മുതൽ 50 രൂപ വരെയാണ് ഒരു ലിറ്റർ പാലിന് വില ലഭിക്കുന്നത്. ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് വേനൽക്കാലത്ത് നൽകുന്ന ലിറ്ററിന് ഒന്നോ രണ്ടോ രൂപ ഇൻസെന്റീവ് ഒഴിച്ചാൽ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് അളവിന്റെ അനുപാതത്തിൽ സബ്സിഡി ആനുകൂല്യങ്ങൾ വിതരണം ചെയ്താൽ കർഷകരെ ഒരു പരിധിവരെ ഈ മേഖലയിൽ പിടിച്ചുനിർത്താൻ കഴിയും. ന്യായമായ വില സംഘങ്ങളിൽ നിന്നും ലഭിക്കാത്തതിനാൽ കർഷകരിൽ നല്ലൊരു ശതമാനവും സംഘങ്ങൾക്ക് പുറത്താണ് പാൽ വിൽക്കുന്നത്. ക്ഷീരകർഷകരെ സംഘങ്ങളിലേക്ക് അടുപ്പിക്കാനുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിക്കണമെന്നാണ് കർഷകരും സംഘവും ആവശ്യപ്പെടുന്നത്.
ഉത്പാദന ചിലവിന് അനുസരിച്ച് വില ലഭിക്കാത്തതുകൊണ്ട് പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല. കടുത്ത ചൂടും മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. കാലിത്തീറ്റ വില വർദ്ധനവിലും ക്ഷീര സംഘങ്ങളുടെ പ്രവർത്തനം കർഷകരോടടുപ്പിക്കുന്നതിലും സർക്കാർ കാര്യക്ഷമമായി ഇടപെടണം .
പി.വി. മോഹനൻ, ക്ഷീര കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |