പാലക്കാട്: പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം ജലവർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ കേരള-തമിഴ്നാട് സംയുക്ത ജലക്രമീകരണ വിഭാഗം യോഗം ചേരുന്നതിൽ അധികൃതർക്ക് വീഴ്ച. ജൂലായ് മുതൽ ജൂൺ വരെയാണ് കരാർ പ്രകാരം ഒരു ജലവർഷം. നവംബർ, ഡിസംബർ മാസങ്ങളിൽ ചേരാറുള്ള യോഗം ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിനാൽ നീണ്ടുപോയി. തുടർന്ന് നിയമസഭ തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ യോഗം ചേരാൻ സാധിച്ചിരുന്നില്ല. ഇനി ഇരു സംസ്ഥാനത്തും പുതിയ സർക്കാർ വന്ന ശേഷമേ യോഗം നടക്കാൻ സാദ്ധ്യതയുള്ളൂ. ജൂണിനകം നടത്താൻ കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്. പറമ്പിക്കുളം-ആളിയാർ പദ്ധതി (പി.എ.പി) കരാർ പ്രകാരം ഒരു ജലവർഷം മണക്കടവ് വിയറിൽ നിന്ന് ഫ്ളഡ് വാട്ടർ കൂടാതെ 7.25 ടി.എം.സി ജലത്തിന് കേരളത്തിനർഹതയുണ്ട്. ഇതിനുപുറമെ ഭാരതപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിറുത്താൻ 2.5 ടി.എം.സിയും ഷോളയാറിൽ നിന്ന് 12 ടി.എം.സി വെള്ളവും ലഭിക്കേണ്ടതുണ്ട്. എന്നാൽ കരാർ പ്രകാരം ഓരോ വർഷവും കേരളത്തിന് ലഭിക്കേണ്ട ജലത്തിൽ കുറവ് വരികയാണ്. ഈ ജലവർഷം ലഭിച്ച ജലം എത്രയെന്ന് പ്രഖ്യാപിക്കേണ്ടത് സംയുക്ത യോഗത്തിലാണ്. സംയുക്ത ജല ക്രമീകരണ ബോർഡിൽ വെള്ളം വാങ്ങിയെടുക്കുവാനോ യഥാസമയങ്ങളിൽ കരാർ പുതുക്കാനോ മാറിമാറി വന്ന സർക്കാരുകൾ ശ്രമിച്ചിട്ടില്ല. കരാറിലെ വ്യവസ്ഥകൾക്കനുസൃതമായി ബോർഡ് എല്ലാ വർഷവും കഴിയുന്നത്ര തവണ യോഗം ചേരുകയും ജലത്തിന്റെ നീതിയുക്തമായ മാനേജ്‌മെന്റ് തീരുമാനിക്കുകയും വേണം. 1958 ലെ മുൻകാല പ്രാബല്യത്തോടെ 1970 ൽ കേരളവും തമിഴ്‌നാടും ഒപ്പുവെച്ച കരാർ ഇരുകക്ഷികളുടെയും സമ്മതത്തോടെ 30 വർഷം കൂടുമ്പോൾ പുനരവലോകനം ചെയ്യണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് 1988 ലും 2018 ലും കരാർ പുനരവലോകനം ചെയ്യേണ്ടതായിരുന്നു. എന്നാൽ ഇത് പാലിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തി.കരാർ പുതുക്കാൻ നടപടി സ്വീകരിക്കുമെന്ന് 2021ലെ നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |