
പത്തനംതിട്ട : വഴിയരികിൽ കാണുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് കാരിയറുകൾക്ക് സംരക്ഷണ കവചം നിർമ്മിക്കുന്ന പദ്ധതി മെല്ലപ്പോക്കിൽ. ജില്ലയിലെ നാലായിരത്തിലേറെ ട്രാൻസ്ഫോർമറുകളിൽ നൂറിൽ താഴെ എണ്ണത്തിനാണ് കവചമുള്ളത്. കെ.എസ്.ഇ.ബിയുടെ പ്ളാൻ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാലുവർഷം മുൻപ് ആരംഭിച്ച പദ്ധതി തുടർന്നുവരികയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.
കുട്ടികളുടെ കൈയെത്തുന്ന വിധത്തിൽ ഫ്യൂസ് കാരിയറുകളും വൈദ്യുതി കമ്പികളും ഘടിപ്പിച്ചിട്ടുള്ള ട്രാൻസ്ഫോർമറുകൾക്ക് പലതിനും സംരക്ഷണവേലികൾ പോലുമില്ല.
സ്കൂളുകൾ, ആശുപത്രികൾ, ജംഗ്ഷനുകൾ തുടങ്ങിയവയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറുകളിലേക്ക് പാഴ് വള്ളികൾ പടർന്നു കയറിയത് നീക്കംചെയ്തിട്ടില്ല. മഴക്കാലത്തിന് മുന്നോടിയായി ട്രാൻസ്ഫോർമറുകളുടെ പരിസരം ശുചീകരിക്കുന്ന ജോലികളും തുടങ്ങിയിട്ടില്ല.
അപകടം ഒഴിവാക്കാൻ
റോഡരികിൽ അപകടഭീഷണിയായി സ്ഥാപിച്ചിട്ടുളള ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ഫ്യൂസ് കാരിയറുകൾക്ക് സംരക്ഷണ കവചം നിർമ്മിക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്. ജില്ലയിൽ ശബരിമല പാതയിലെയും അനുബന്ധ റോഡുകളിലെയും വശങ്ങളിൽ സ്ഥാപിച്ചിട്ടുളള ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് കാരിയറുകളിലാണ് സംരക്ഷണ കവചം നിർമ്മിച്ചിട്ടുള്ളത്.
1. കെ.എസ്.ഇ.ബി പത്തനംതിട്ട, അടൂർ, തിരുവല്ല ഡിവിഷനുകളുടെ
പരിധിയിൽ 4300 ട്രാൻസ്ഫോർമറുകൾ
2. സംരക്ഷണ കവചമുള്ള ഫ്യൂസ് കാരിയറുകൾ 91
3. സംരക്ഷണ കവചം നിർമ്മിക്കുന്നതിനുള്ള കുറഞ്ഞ ചെലവ് 30000 രൂപ.
ഫ്യൂസ് കാരിയറുകളെ സംരക്ഷണ കവചത്തിനുള്ളിലാക്കുന്ന ജോലികൾ തുടർ പ്രക്രിയയാണ്. റോഡിനോട് ചേർന്നു നിൽക്കുന്ന ട്രാൻസ്ഫോർമറുകളാണ് പ്രഥമ പരിഗണനയിലുളളത്.
കെ.എസ്.ഇ.ബി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |