
ആലപ്പുഴ: വേനൽച്ചൂട് രൂക്ഷമാകുകയും പ്രതീക്ഷിച്ച മഴ ലഭിക്കാതെ വരികയും ചെയ്തതോടെ കല്ലട, പമ്പയാറുകളിലെ ജലനിരപ്പ് താഴുന്നു. കഴിഞ്ഞ ഒരുമാസമായി ദിവസേന അഞ്ചുസെന്റീമീറ്ററോളം വെള്ളം ഇരുനദികളിലും കുറഞ്ഞുവരുന്നതായാണ് ഇറിഗേഷൻ ഹൈഡ്രോളജി വിഭാഗത്തിന്റെ കണ്ടെത്തൽ. ചൂട് കടുക്കുകയും മഴ കിട്ടാതെ വരികയും ചെയ്താൽ ഡാമിൽ നിന്നുള്ള നീരൊഴുക്ക് കുറയുന്നതനുസരിച്ച് ആറുകളിലെ ജലനിരപ്പ് ഇനിയും താഴാനാണ് സാദ്ധ്യത.
പമ്പ, കൈവഴിയായ അച്ചൻകോവിൽ, കല്ലടയാറുകളിലെ ജലനിരപ്പിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വൻ കുറവാണ് ഇന്നലെ അനുഭവപ്പെട്ടത്. 116.73 മീറ്ററായിരുന്ന കല്ലടയാറിലെ ജലനിരപ്പ് ഇന്നലെ 98.74 ആയി കുറഞ്ഞു. 35.03 ആയിരുന്ന പമ്പയാറിൽ 29.26 മീറ്ററാണ് ആണ് ഇന്നലത്തെ അളവ്. പമ്പ, അച്ചൻ കോവിൽ നദികളിൽ നിന്നുള്ള വെള്ളമാണ് കടപ്ര, മാവേലിക്കര, കരുമാടി തുടങ്ങിയ പമ്പിംഗ് സ്റ്റേഷനുകൾ വഴി വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്നത്. നദികളിലെ ജലനിരപ്പ് താഴുന്നത് പമ്പ് ഹൗസുകളിലെ പമ്പിംഗിനെയും ബാധിച്ചിട്ടുണ്ട്. ഇത് തുടർന്നാൽ കൃഷിക്കൊപ്പം കുടിവെള്ള വിതരണത്തെയും ബാധിക്കും.
കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഇടതു, വലതുകര കനാലുകൾ വഴി ലഭിക്കുന്ന 2.5 മീറ്റർ വെള്ളമാണ് വരൾച്ച രൂക്ഷമായ ജില്ലയുടെ കിഴക്കൻമേഖലകളുടെ ഏക ആശ്വാസം.
ജലനിരപ്പ്
(പഴയത്, പുതിയത്)
കല്ലടയാർ :
116.73 - 98.74 മീറ്റർ
പമ്പയാർ :
35.03- 29.26 മീറ്റർ
വരൾച്ച രൂക്ഷമാക്കും
1.രണ്ടാംകൃഷി ഒരുക്കം നടക്കുന്ന കുട്ടനാടുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരൾച്ച രൂക്ഷമാക്കും.ചെങ്ങന്നൂർ,വെൺമണി, വെട്ടിയാർ, നൂറനാട്, പടനിലം, പണയിൽ, ചാരുംമൂട്, തഴക്കര, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറി, വാഴകൃഷികളെ ജലദൗർലഭ്യം പ്രതിസന്ധിയിലാക്കും
2.കല്ലട, പമ്പാ നദികളിൽ വൈദ്യുതി ഉൽപ്പാദനത്തിന് ശേഷം തുറന്നുവിടുന്ന വെള്ളമാണ് കനാലുകൾ ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾ വഴി കൃഷിക്ക് ഉപയോഗിക്കുന്നത്. കിണറുകളും കുളങ്ങളും വരളാതിരിക്കാനും ഇത് സഹായിക്കും. എന്നാൽ, ജലവിതാനം താഴുന്നത് തിരിച്ചടിയാണ്
3.പമ്പ നദിയിലെ ഡാമുകളുടെ ഷട്ടർ നവീകരണം നടക്കുന്നതിനാൽ പമ്പ ഇറിഗേഷൻ കനാൽ കഴിഞ്ഞ ഒരുമാസമായി അടച്ചിരിക്കുന്നതും കനാലുകളിലെ ജലസേചനത്തെ ബാധിച്ചിട്ടുണ്ട്. വൻ തോതിൽ കൃഷി കരിഞ്ഞുണങ്ങാൻ ഇത് കാരണമായി. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി
4.ഇറിഗേഷൻ എൻജിനിയർമാരുടെ സംഘം ഇന്നലെ ഡാമുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വരും ദിവസങ്ങളിലും പ്രതീക്ഷിച്ച നിലയിൽ മഴ ലഭിക്കാതെ വന്നാൽ, ഡാമുകളിൽ നിന്നൊഴുക്കുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാനാണ് തീരുമാനം
നദികളിലെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. വേനൽമഴയിലാണ് പ്രതീക്ഷ. മഴ ലഭിക്കാതെ വന്നാൽ ഡാമുകളിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറയ്ക്കേണ്ടിവരും
- ഇറിഗേഷൻ ഹൈഡ്രോളജി വിഭാഗം, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |