SignIn
Kerala Kaumudi Online
Wednesday, 29 April 2026 5.12 AM IST

പുഴയുടെ വഴി കരയായി

Increase Font Size Decrease Font Size Print Page
varattar

ഒന്നാം പിണറായി സർക്കാർ പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കു വേണ്ടി നടപ്പാക്കിയ അഭിമാന പദ്ധതിയായിരുന്നു വരട്ടാർ പുനരുജ്ജീവനം. വരെട്ട ആറ് എന്ന മുദ്രാവാക്യം അക്കാലത്ത് ഹിറ്റാവുകയും ചെയ്തു. കാലാവധി പൂർത്തിയാക്കി ഒന്നാം പിണറായി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ആറന്മുള, ചെങ്ങന്നൂർ, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികൾ വലിയ നേട്ടമായി വരട്ടാർ പുനരുജ്ജീവനം ഉയർത്തിക്കാട്ടി. മണ്ണ് നികന്ന് കാട് വളർന്ന് കരയായി മാറിയ വരട്ടാറിനെ ജനകീയ പരിപാടിയായി പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയായിട്ടാണ് ഉയർത്തിക്കാട്ടിയത്. ഹരിത കേരളം മിഷനായിരുന്നു വരട്ടാർ വീണ്ടെടുപ്പിന്റെ ചുമതല നിർവഹിച്ചത്.

പമ്പാ നദിയിൽ ആറട്ടുപുഴയിൽ നിന്ന് തുടങ്ങി മണിമലയാറ്റിൽ ചേരുന്ന വരട്ടാർ നദി കോയിപ്പുറം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെയും ചെങ്ങന്നൂർ നഗരസഭയിലേയും കൃഷിഭൂമികളെ ഒരു കാലത്ത് ജലസമൃദ്ധമാക്കിയിരുന്നു. ആറൻമുള വള്ളംകളിക്കുളള പള്ളയോടങ്ങളുടെ യാത്രാ വഴിയുമായിരുന്നു വരട്ടാർ. വ്യാപക കൈയ്യേറ്റം മൂലം മൺമറഞ്ഞു പോയ നദിയെ വീണ്ടെടുക്കാനുള്ള ഊർജ്ജിത ശ്രമത്തിന്റെ ഭാഗമായിരുന്ന വരട്ടാർ പുനരുജ്ജീവന പദ്ധതി.

പക്ഷെ, ജനകീയ ആഘോഷത്തോടെ നടത്തിയ വരട്ടാർ പദ്ധതിക്ക് പിന്നിൽ വലിയൊരു ഗൂഢപദ്ധതി ഒളിഞ്ഞു കിടക്കുന്നത് ആരും അറിഞ്ഞില്ല.

പുനരുജ്ജീവനത്തിന്റെ ഭാഗമായി യന്ത്രസഹായത്തോടെ ജല വിഭവ വകുപ്പ് വരട്ടാറിൽ നിന്ന് മണൽ ഊറ്റുന്ന പ്രവർത്തികൾ തകൃതിയായി നടത്തി. മൂന്നിടങ്ങളായി തടയണകെട്ടി മണൽ അരിച്ച് ചെളി നദിയിൽ ഉപേക്ഷിച്ചതോടെ നദിയിൽ വീണ്ടും പഴയതുപോലെ മൺപുറ്റുകൾ നിറഞ്ഞു. അവിടെ കാടുകൾ വളർന്നു കരയായി.

♦ സർക്കാർ പദ്ധതിയുടെ മറവിൽ മണൽക്കൊളള

ഒന്നാം ഘട്ടത്തിൽ മണൽ റോയൽറ്റിയായി സർക്കാരിന് ലഭിച്ചത് ഒന്നേകാൽ കോടിയിലേറെ രൂപയാണ്. അതേസമയം തന്നെ രാഷ്ട്രീയ,ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെ പാസില്ലാതെ മണൽ കടത്തി ഇടനിലക്കാർ കൊള്ളലാഭം നേടി. എല്ലാ രാഷ്ട്രീയപ്പാർട്ടികളും കരാറുകാരിൽ നിന്ന് പണം പിരിച്ചതായി നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു. ഇക്കാര്യങ്ങളിലെ തെളിവുകൾ നിരത്തി ജനപ്രതിനിധികൾ മണൽ മാഫിയയുടെ ഭാഗമായി പ്രവർത്തിക്കുന്നതായി മുൻ മന്ത്രി ജി. സുധാകരൻ ആരോപണമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ആരും ചെവിക്കൊണ്ടില്ല. പതിമൂന്നര കിലോമീറ്റർ നീളമുളള വരട്ടാർ ഇന്ന് കരഭൂമി പോലെ പച്ചപിടിച്ചു.

പമ്പയുടെ പ്രധാന കൈവഴിയായ വരട്ടാർ ഇപ്പോൾ വാഹനങ്ങൾ ഓടുന്ന റോഡായി. പുനരുജ്ജീവനത്തിൻ്റെ പേരിൽ കോടികളുടെ മണൽ കൊള്ളയടിച്ചതായി ആക്ഷേപം ശക്തമാണ്. ആദിപമ്പ വീണ്ടെടുക്കാൻ എന്ന പേരിൽ ഖനനം ചെയ്ത ലക്ഷകണക്കിന് ലോഡ് മണ്ണ് കൊണ്ടുപോകാനായിട്ടാണ് സർക്കാർ വരട്ടാറ്റിലൂടെ റോഡ് വെട്ടിയത്. നിരന്തരം ട്രക്കുകൾ ഓടിയാണ് വരട്ടാർ റോഡായി മാറിയതെന്ന് നാട്ടുകാർ പറയുന്നു. പുഴ ഒഴുകിയ വഴി വരണ്ടുണങ്ങി കിടക്കുന്നു. ചില മേഖലകളിൽ ഖനനം നടത്തിയ ലക്ഷകണക്കിന് ലോഡ് മണലാണ് കല്ലിശേരയിലെ യാർഡിൽ വിൽപ്പനയ്ക്കായി കൂട്ടിയിട്ടിരിക്കുന്നത്.

ആഴം കൂട്ടാനെന്ന പ്രചരണത്തോടെയാണ് ട്രഡ്ജർ ഉപയോഗിച്ച് മണൽ ഖനനം തുടങ്ങിയത്. ഇതിലൂടെ ലഭിച്ച കോടികണക്കിന് രൂപയുടെ മണൽ വിവിധ യാർഡുകളിലേക്ക് മാറ്റി വിൽപ്പനയും തുടങ്ങി. വരട്ടാർ നവീകരണത്തിൻ്റെ പേരിൽ നടത്തിയത് നിയമം മറന്നുള്ള മണൽക്കൊള്ളയാണ്. ഇതുകാരണം സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട നികുതിയും പാഴായി.

♦ വേണ്ടത് ആത്മാർത്ഥ നടപടി

ജില്ലയിലെ ആറാട്ടുപുഴയ്ക്ക് താഴെ പമ്പാ നദിയിലെ വഞ്ചിപ്പോട്ടിൽ കടവൽ നിന്ന് വേർതിരിഞ്ഞെഴുകുന്ന ആദിപമ്പയിലെ പുതുകുളങ്ങര കടവിൽ നിന്നുമാണ് വരട്ടാർ ആരംഭിക്കുന്നത്. ഓതറ, തൈമറവുങ്കര, തലയാർ, തിരുവൻമണ്ടൂർ എന്നിവിടങ്ങളിലൂടെ ഒഴുകി ഇരമല്ലിക്കരയിൽ വെച്ച് മണിമലയാറിൽ പതിക്കുന്ന അതിപുരാതന നദിയാണ് വരട്ടാർ. പണ്ട് പള്ളിയോടങ്ങളും കാർഷിക വിഭവങ്ങളുമായി കെട്ടുവള്ളങ്ങളും ഇതുവഴിയാണ് ആലപ്പുഴ, ചങ്ങനാശേരി തുടങ്ങിയ വിപണന കേന്ദ്രങ്ങളിലേക്ക് പോയിരുന്നത്. എന്നാൽ കാലക്രമത്തിൽ പ്രധാന നദിയായ പമ്പാനദിയിൽ മണൽ ഖനനം രൂക്ഷമായപ്പോൾ നദിയുടെ അടിത്തട്ട് അഞ്ച് മീറ്ററോളം താഴ്ന്നു. ആദി പമ്പയിലേക്കുള്ള ജല പ്രവാഹത്തിന് തടസം ഉണ്ടായി. ഇതോടെ ആദി പമ്പയിൽ നിന്ന് വരട്ടാറിലേക്കുള്ള ഒഴുക്കും ഇല്ലാതായി.
എങ്കിലും വർഷകാലങ്ങളിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ വെള്ളം ആദി പമ്പയിലേക്കും തുടർന്ന് വരട്ടാറിലെക്കും ഒഴുകുമായിരുന്നു. വർഷം മുഴുവൻ ജലപ്രവാഹം ശക്തമാക്കുക എന്നതായിരുന്നു വരട്ടാർ പുനരുജ്ജീവനത്തിനറെ ലക്ഷ്യം. മഴക്കാലത്ത് പമ്പയിൽ ജലനിരപ്പ് ഉയരുമ്പോൾ ആദി പമ്പയിലേക്കും വരട്ടാറിലേക്കും ജലപ്രവാഹം ഇപ്പോഴും തടസമില്ലാതെ നടക്കുന്നുണ്ട്.

വേനലിൽ വറ്റി വരണ്ട് കരഭൂമി പോലെ ആകുന്നതിനാൽ പ്രദേശത്ത് കടുത്ത ജലക്ഷാമം നേരിടുന്നു. വരട്ടാർ വീണ്ടെടുക്കാൻ നാടിന്റെ നൻമയെ കരുതിയുള്ള ആത്മാർത്ഥമായ സമീപനമാണ് വേണ്ടത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.