
നെടുങ്കണ്ടം (ഇടുക്കി): പച്ചടിയിൽ വയോധികയായ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ പ്രതിയായ ഇളയ മകൻ സജി (43) കുറ്റം സമ്മതിച്ചു. തന്റെ വിവാഹം മുടക്കാൻ ശ്രമിച്ചതും വീട്ടിലെ വിവേചനവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സജി പൊലീസിന് മൊഴി നൽകി.
പച്ചടി തോട്ടുവാക്കട പൊന്നുട്ടയിൽ മേരിക്കുട്ടി (70),മകൻ റെജി (48) എന്നിവരെ കൊന്ന ശേഷം രണ്ട് ദിവസം മൃതദേഹങ്ങൾ നെറ്റിൽ പൊതിഞ്ഞ് കുളിമുറിയിലെ ചായ്പ്പിൽ സൂക്ഷിച്ചു. പിന്നീട് പഴയ ചാണകക്കുഴിയിൽ മണ്ണുമാറ്റി കുഴിച്ചിടുകയായിരുന്നു. അയൽവാസികൾക്ക് സംശയം തോന്നാതിരിക്കാൻ ഏലച്ചെടിയുടെ ചുവട് കിളയ്ക്കുന്ന രീതിയിലാണ് കുഴിയെടുത്തത്. മൃതദേഹം വേഗത്തിൽ അഴുകാനും ദുർഗന്ധം വരാതിരിക്കാനും കുമ്മായം വിതറി.
'ചേട്ടൻ വിവാഹം കഴിച്ച ശേഷം മതി അനിയൻ ' എന്ന അമ്മയുടെ വാശിയും സജിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള റെജിയുടെ സംസാരവുമാണ് പ്രകോപനത്തിന് കാരണമായത്. വീട്ടിൽ ഭക്ഷണം നൽകുന്നതിൽ പോലും വിവേചനം നേരിട്ടിരുന്നതായും സജി പറഞ്ഞു. അമ്മയെ കഴുത്ത് ഞെരിച്ചും സഹോദരനെ തല്ലിയുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് ശേഷം ഇയാൾ നാട്ടിൽ വിവാഹ ക്ഷണം നടത്തി. 23ന് വിവാഹമാണെന്ന് പറഞ്ഞാണ് ആദ്യം ക്ഷണിച്ചത്. എന്നാൽ അത് മുടങ്ങിയെന്നും 30ന് വിവാഹം നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം നടത്തി. അമ്മയെയും സഹോദരനെയും കാണാനില്ലെന്ന് സഹോദരി സിനി പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം സജിയിലേക്ക് നീങ്ങിയത്. പൊലീസിനെ കണ്ട് വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ട സജി,ഇന്നലെ ഉച്ചയോടെ നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു.
തിങ്കളാഴ്ചയാണ് മൃതദേഹങ്ങൾ പൂർണ്ണമായും ജീർണ്ണിച്ച നിലയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം ചോദ്യം ചെയ്തു വരുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ പൂർണചിത്രം തെളിയുമെന്ന് ജില്ലാ പൊലീസ് മേധാവി സാബു മാത്യു പറഞ്ഞു. മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം നെടുങ്കണ്ടത്തെ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.
പിതാവിനെയും കൊന്നതോ
സജിയുടെ പിതാവ് മാത്യുവിന്റെ എട്ട് വർഷം മുമ്പ് നടന്ന തിരോധാനത്തിലും പുനരന്വേഷണം നടത്താൻ പൊലീസ്. 2018 മേയ് ഒമ്പതിനാണ് സുവിശേഷകനായ മാത്യുവിനെ കാണാതാകുന്നത്. അന്ന് മൂത്ത മകൻ റെജി പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം നടന്നില്ല. പിതാവ് തന്റെയൊപ്പമുള്ളതായി കരുതി ഏതാനും ദിവസം ആരും അന്വേഷിച്ചില്ലെന്നും പിന്നീട് കൂടെയില്ലെന്നറിഞ്ഞ ശേഷമാണ് സഹോദരൻ പൊലീസിൽ പരാതി നൽകിയതെന്നും മേരിയുടെ മകൾ സിനി പറയുന്നു.
സുവിശേഷ വേലയ്ക്കായി മാറി നിൽക്കാറുണ്ടായിരുന്നു മാത്യു. അതിനാൽ ദിവസങ്ങളോളം കാണാത്തതിൽ അസ്വാഭാവികതയുണ്ടായില്ല. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാത്യുവിന്റെ തിരോധാനം ഊർജ്ജിതമാക്കാനാണ് പൊലീസ് നീക്കം.
മാത്യുവിനെ കാണാതായ ശേഷം ഭാര്യ മേരി മാനസികമായി തളർന്നിരുന്നു. കഴിഞ്ഞ മൂന്നര വർഷമായി മേരി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. രണ്ട് പെൺകുട്ടികളിലൊരാളെ വിവാഹം ചെയ്തയച്ചു. മറ്റൊരു പെൺകുട്ടി ഭിന്നശേഷിക്കാരിയായതിനാൽ ഇവരോടൊപ്പമല്ല താമസം. ആൺമക്കളായ റെജിയും സജിയും അവിവാഹിതരായിരുന്നു. റെജി മൈക്ക് ഓപ്പറേറ്ററും സജി മേസ്തിരിപ്പണിക്കാരനുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |