
തിരുവനന്തപുരം: പയ്യോളി മനോജ് വധക്കേസന്വേഷണത്തിൽ വീഴ്ച വരുത്തുകയും തെളിവുനശിപ്പിക്കുകയും ചെയ്തതിന് നടപടിയെടുക്കാൻ സി.ബി.ഐ ശുപാർശചെയ്ത 2 ഉന്നതഉദ്യോഗസ്ഥരെ വകുപ്പുതല അന്വേഷണത്തിൽ കുറ്രവിമുക്തരാക്കി സർക്കാർ. ക്രൈംബ്രാഞ്ച് എസ്.പി ജോസി ചെറിയാൻ, കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മിഷണർ കെ.കെ.വിനോദൻ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ഐ.ജിരാജ് പാൽമീണയുടെ വകുപ്പുതല അന്വേഷണത്തിൽ സി.ബി.ഐയുടെ ഭാഗംകേൾക്കാതെയായിരുന്നു ഇത്.
പൊലീസ് ഒന്നാം പ്രതിയാക്കിയ അജിത്, താൻ ഡമ്മിപ്രതിയാണെന്ന് വെളിപ്പെടുത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐയ്ക്കും കൈമാറുകയായിരുന്നു. യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ഒത്തുകളിച്ചെന്നും രക്തക്കറയുള്ള വാളും 14ഇഞ്ചുള്ള ഇരുമ്പ്പൈപ്പും പിടിച്ചെടുത്തത് വ്യാജമാണെന്നും സി.ബി.ഐ കണ്ടെത്തി. ആസൂത്രകരിലേക്ക് എത്താതിരിക്കാൻ പ്രതികളുടെ കോൾ ഡേറ്റാ റെക്കോർഡെടുത്ത് നശിപ്പിച്ചു. 100പേജിലേറെയുള്ള സുപ്രധാന രേഖയായിരുന്ന റെക്കാഡ് കുറ്റപത്രത്തിലും ഉൾപ്പെടുത്തിയില്ല. എന്നാൽ.ക്രൈംബ്രാഞ്ചിന്റെ കമ്പ്യൂട്ടറിൽനിന്ന് സി.ബി.ഐ കണ്ടെടുത്തു. പൊലീസ് ഒഴിവാക്കിയ 4പ്രധാനപ്രതികൾ വിദേശത്തേക്ക് കടന്നെങ്കിലും ഇന്റർപോളിന്റെ സഹായത്തോടെ സി.ബി.ഐ പിടി കൂടി. പൊലീസിന്റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. അന്ന് ജോസിചെറിയാൻ വടകര ഡിവൈ.എസ്.പിയും കെ.കെ.വിനോദൻ പയ്യോളി ഇൻസ്പെക്ടറുമായിരുന്നു.
ഗുരുതര പിഴവുകൾക്ക് ഇരുവർക്കുമെതിരേ ശക്തമായ വകുപ്പുതല നടപടിയെടുക്കണമെന്ന് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട്നൽകിയിരുന്നു. തെളിവ്നശിപ്പിക്കൽ, ഡ്യൂട്ടിയിലെവീഴ്ച, പെരുമാറ്റദൂഷ്യം, ഉത്തരവാദിത്തമില്ലായ്മ അടക്കംകുറ്റങ്ങളാണ് കണ്ടെത്തിയത്. എന്നാൽ ഐ.ജി രാജ് പാൽമീണയുടെ അന്വേഷണത്തിൽ കോൾ ഡേറ്റ റെക്കാർഡ് നശിപ്പിച്ചില്ലെന്നും നടപടിക്രമങ്ങളിലെ വീഴ്ചയും വ്യാജതെളിവുണ്ടാക്കിയതും തെളിയിക്കാനായില്ലെന്നായിരുന്നു കണ്ടെത്തൽ. . ഇതംഗീകരിച്ചാണ് രണ്ടുദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കി ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി ബിശ്വനാഥ്സിൻഹ ഉത്തരവിറക്കിയത്.
തീർപ്പ് സി.ബി.ഐയെ
കേൾക്കാതെ
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ബി.ഐ എസ്.പി അനന്തകൃഷണനോട് ഐ.ജി രാജ് പാൽമീണ വിവരങ്ങൾ തേടിയിരുന്നു. ഇതിനിടയിൽ സി.ബി.ഐയുടെ ഭാഗം കേൾക്കാതെ രണ്ടുദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കുകയായിരുന്നു. അച്ചടക്കനടപടിയെടുക്കുന്നതിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശിച്ചെന്നാണ് സർക്കാരിന്റെവാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |