തിരുവനന്തപുരം: പുതിയ മന്ത്രിമാർ ചുമതലയേൽക്കുന്നതിന് മുന്നോടിയായി സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസുകളിൽ അറ്റകുറ്റപ്പണി തുടങ്ങി. പെയിന്റടിച്ച് വൃത്തിയാക്കിയും പുതിയ ഉപകരണങ്ങൾ സ്ഥാപിച്ചുമാണ് പണി പുരോഗമിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായിട്ടാണ് അവസാനമായി പെയിന്റടിച്ചത്. ഓഫീസുകളിലെ പഴയ ടിവികളും കമ്പ്യൂട്ടറുകളും മാറ്റും. ഇതോടൊപ്പം മന്ത്രി ഓഫീസിലെ ജീവനക്കാർക്കുള്ള കാബിനുകളിലും അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. പൊതുമരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ചെയ്യുന്നത്. മേശകളും കാർപ്പെറ്റുകളും മാറ്റി പുതിയവ സ്ഥാപിക്കും. കസേരകൾ പൂർണമായും മാറ്റും. കൂട്ടിയിട്ടിരുന്ന ഫയലുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിനു പുറത്തുള്ള സ്ഥലവും പെയിന്റടിക്കും. മന്ത്രിമാർ ഒഴിഞ്ഞതിനു പിന്നാലെ തന്നെ മന്ത്രി ഓഫീസുകളിലുള്ള ബോർഡുകൾ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ബോർഡുകളും എടുത്തുമാറ്റി. നിലവിൽ സ്റ്റിക്കർ ഉപയോഗിച്ചാണ് ഇതിൽ പേര് പതിപ്പിച്ചിട്ടുള്ളത്. ഈ സ്റ്റിക്കറുകൾ മാറ്റി പെയിന്റ് ചെയ്യും. മന്ത്രിമാരുടെ സ്റ്റാഫുകൾ ജോലിയിൽ പ്രവേശിച്ചശേഷമാകും പേര് പതിപ്പിച്ച് ബോർഡുകൾ സ്ഥാപിക്കുക. പൊതുഭരണ വകുപ്പിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് മോടിപിടിപ്പിക്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |