
മുംബയ്: കുപ്രസിദ്ധമായ ഭോർ പീഡനക്കേസിലെ പ്രതിയെ തൂക്കിക്കൊല്ലരുതെന്നും ചുട്ടുകൊല്ലണമെന്നും ആവശ്യപ്പെട്ട് അയാളുടെ ഭാര്യ രംഗത്തെത്തി.അയാളെ പിതാവെന്ന് വിളിക്കാൻ ലജ്ജിക്കുന്നുവെന്നും പെൺകുട്ടി എങ്ങനെയാണോ കൊല്ലപ്പെട്ടത് അതുപോലെ പ്രതിയെ കൊലപ്പെടുത്തണമെന്ന് മകനും ആവശ്യപ്പെട്ടു. ഭീംറാവു കാംബ്ലി എന്ന അറുപത്തഞ്ചുകാരനാണ് പിടിയിലായത്. പത്തുവർഷത്തോളമായി ഭീംറാവു കാംബ്ലിയുമായി ഒരു ബന്ധവുമില്ലെന്നും സമൂഹത്തിൽ നിന്ന് വലിയ രീതിയിലുള്ള അപമാനം തങ്ങൾ നേരിടുന്നുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുനെയിലെ ഭോർ മേഖലയിലാണ് ക്രൂരകൊലപാതകം നടന്നത്. അവധിക്കാലമായതിനാൽ അമ്മവീട്ടിൽ താമസിക്കാനെത്തിയതായിരുന്നു പെൺകുട്ടി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പ്രതി ആഹാരം നൽകാമെന്ന് പ്രലോഭിപ്പിച്ച് സമീപത്തെ തൊഴുത്തിനടുത്തേക്ക് കൊണ്ടുപാേയി പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കുഞ്ഞിന്റെ നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയശേഷമായിരുന്നു പീഡനം. കുഞ്ഞിന്റെ തലയിൽ കല്ലുകൊണ്ട് ഇടിക്കുകയും ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ മർദ്ദിക്കുകയും ചെയ്തു.
ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. പൊലീസിലും പരാതി നൽകി. പ്രദേശത്തുനിന്ന് ലഭിച്ച ചില സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ മേഖലയിൽ തിരച്ചിൽ നടത്തിയതോടെ താെഴുത്തിനു സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.പൊലീസ് സ്റ്റേഷനും ഹൈവേയും ഉപരോധിച്ചു. ഇതോടെ ഉണർന്നുപ്രവർത്തിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വിചാരണ വേഗത്തിൽ നടത്താനും പ്രതിക്ക് കർശന ശിക്ഷ ലഭിക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ, പീഡനക്കേസുകൾ നേരത്തേ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും വിചാരണവേളയിൽ തെളിവുകൾ ഇല്ലാത്തതിനാൽ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |