പത്തനംതിട്ട: പൊൻകുന്നം - പുനലൂർ റോഡ് നിർമാണത്തിലെ അഴിമതി ആരോപണം സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിൽ നടപടിയെടുക്കാതെ സർക്കാർ. 82 കിലോമീറ്റർ ദൂരം വരുന്ന പാത മൂന്ന് റീച്ചുകളായി തിരിച്ചാണ് വൻകിട കമ്പനികൾക്ക് കരാർ നൽകിയത്. മൂന്ന് മേഖലയിലും നിർമ്മാണത്തിൽ അഴിമതി നടന്നുവെന്ന് വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. റോഡ് പുനർനിർമിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. എന്നാൽ, പ്ലാച്ചേരി - കോന്നി 30 കിലോമീറ്റർ മാത്രം പൊളിച്ചു പണിയാനാണ് ഉത്തരവായത്. 22 കിലോമീറ്റർ പൊൻകുന്നം - പ്ലാച്ചേരി, 30 കിലോമീറ്റർ കോന്നി - പുനലൂർ റീച്ചുകളും ഒഴിവാക്കി.
റോഡ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് പൊതുപ്രവർത്തകനായ അനിൽ കാറ്റാടിക്കൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കെ.എസ്.ടി.പിക്കും പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെ ഗവർണർക്ക് പരാതി സമർപ്പിച്ചതോടെയാണ് വിജിലൻസ് അന്വേഷണം നടന്നത്.
♦ 2001ൽ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വികസനത്തിന് നടപടികൾ ആരംഭിച്ചു.
♦ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിർമ്മാണം തുടങ്ങി.
♦ കരാർ നൽകിയത് 3 റീച്ചുകളായി.
1.പ്ലാച്ചേരി - കോന്നി : 30 കിലോമീറ്റർ,
2.പൊൻകുന്നം - പ്ലാച്ചേരി : 22 കിലോമീറ്റർ
3. കോന്നി - പുനലൂർ : 30 കിലോമീറ്റർ
82 കിലോമീറ്റർ പാത,
പദ്ധതി ചെലവ് : 748. 67 കോടി രൂപ
പ്രധാന ആരോപണങ്ങൾ
♦ ഏറ്റെടുത്ത സ്ഥലങ്ങൾ പൂർണമായും ഉപയോഗിക്കാതെ കരാർ കമ്പനിയും കെ.എസ്.ടി.പിയും ചേർന്ന് ക്രമക്കേട് നടത്തി.
♦ മലയോര മേഖലയിലൂടെ കടന്നു പോകുന്ന പാതയിൽ ജലപ്രവാഹം കലുങ്കുകൾ നിർമ്മിക്കാതെ കെട്ടി അടച്ചു.
♦ ഏറ്റെടുത്ത ഭൂമിയിൽ നിന്ന് കല്ലും മണ്ണും ശേഖരിച്ചാണ് റോഡ് നിർമ്മിച്ചതെന്നും എസ്റ്റിമേറ്റ് തുകയിൽ ഇതിന്റെ ചെലവ് കുറവുവരുത്തിയില്ലെന്നും ആക്ഷേപം.
വിവിധ യാർഡുകളിൽ കൂട്ടിയിട്ട അധികം വന്ന കോടികളുടെ മണ്ണും കല്ലും ലേലം ചെയ്തില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |