കൊട്ടാരക്കര: കൊട്ടാരക്കര പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുംവിധം വിഭാവനം ചെയ്ത കൊട്ടാരക്കര ബൈപ്പാസ് യാഥാർത്ഥ്യമാകുമോയെന്നതിൽ ആശങ്ക. മന്ത്രിയെന്ന നിലയിൽ കെ.എൻ.ബാലഗോപാൽ സ്വന്തം മണ്ഡലത്തിലേക്ക് അനുവദിച്ച 300 കോടി രൂപയുടെ പദ്ധതിയാണ് ഭരണമാറ്റത്തിലൂടെ ത്രിശങ്കുവിലാകുന്നത്. ബൈപ്പാസ് നിർമ്മാണത്തിന് ഭൂമിയേറ്റെടുക്കലിന്റെ നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയായി വന്നതാണ്. 110.36 കോടി രൂപ ഇതിനായി സർക്കാർ അനുവദിച്ചത് ലഭ്യമായതുമാണ്. എന്നാൽ പുതിയ സർക്കാർ വരുന്നതോടെ പദ്ധതിയ്ക്ക് വേണ്ടുന്ന ശേഷിക്കുന്ന തുക ലഭിക്കുമോയെന്നതാണ് ആശങ്കയുണർത്തുന്നത്.
പരിമിതികൾ ഏറെ
എം.സി റോഡിൽ ലോവർ കരിക്കത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുനിന്നും തുടങ്ങി മൈലം വില്ലേജ് ഓഫീസിന് സമീപത്ത് എത്തി എം.സി റോഡിൽ ബന്ധപ്പെടുന്ന തരത്തിലാണ് നാലുവരി ബൈപ്പാസ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. കൊട്ടാരക്കര, മൈലം വില്ലേജുകളിലായുള്ള 15.5 ഏക്കർ ഭൂമിയാണ് ബൈപ്പാസിനായി ഏറ്റെടുക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാൽ വീണ്ടും ജയിച്ചുവെങ്കിലും പ്രതിപക്ഷ എം.എൽ.എ എന്ന നിലയിലുള്ള പരിമിതികൾ ഏറെയുണ്ടാകും. മറ്റ് പദ്ധതികളെയും ഭരണമാറ്റം ബാധിച്ചേക്കും. എന്നാൽ കൊട്ടാരക്കര ബൈപ്പാസ് എന്നത് പ്രധാനപ്പെട്ട ആവശ്യമാണ്. എം.സി റോഡും കൊല്ലം-തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന പ്രധാന കേന്ദ്രമാണ് കൊട്ടാരക്കര പുലമൺ ജംഗ്ഷൻ. അതുകൊണ്ടുതന്നെ ഇവിടെ എപ്പോഴും ഗതാഗത കുരുക്കാണ്. പരിഹാരം എന്ന നിലയിലാണ് ബൈപ്പാസ് നിർമ്മിക്കാൻ തീരുമാനിച്ചത്.
ആകെ പദ്ധതിച്ചെലവ് 300 കോടി രൂപ
ഭൂമിയേറ്റെടുക്കലിന് അനുവദിച്ചത് 110.36 കോടി രൂപ
ബൈപ്പാസിന് നീളം 2.8 കിലോമീറ്റർ, വീതി 23 മീറ്റർ
1.6 കിലോമീറ്റർ റോഡ്, 1.2 കിലോമീറ്റർ നീളത്തിൽ ഫ്ളൈ ഓവർ
ഫ്ളൈ ഓവറിന് 20 മീറ്റർ വീതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |