
ആലപ്പുഴ : ജലഗതാഗത വകുപ്പിന്റെ പുതിയ വിനോദസഞ്ചാര പാക്കേജായ 'കുട്ടനാട് സഫാരി' വൻ ഹിറ്റായി മാറി. ഒരുമാസം തികയുന്നതിന് മുമ്പ് കുട്ടനാട് സഫാരിയുടെ വരുമാനം 13ലക്ഷം കവിഞ്ഞു. ഏപ്രിൽ 10നാണ് സർവീസ് ആരംഭിച്ചത്. രാവിലെ 10ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.30ന് തിരികെയെത്തുന്ന സർവീസിൽ പ്രതിദിനം 50ൽ അധികം ആളുകളാണ് യാത്ര ചെയ്യുന്നത്.
രാജ്യത്തെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ടായ ഇന്ദ്രയിലാണ് യാത്ര. എ.സി ബോട്ടാണിത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സ്പോൺസർഷിപ്പിൽ മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ചാണ് അറബ് രാജ്യങ്ങളിലെ ഡസർട്ട് സഫാരി മാതൃകയിലുള്ള പദ്ധതി. യാത്രയുടെ ഭാഗമായി പാതിരാമണൽ ദ്വീപിൽ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറും. ദ്വീപിൽ പുല്ലും മുളയും ഉപയോഗിച്ച് നിർമ്മിച്ച ആംഫി തിയേറ്ററാണ് യാത്രയുടെ ആകർഷണം. പാതിരാമണലിലേക്കുള്ള പ്രവേശന ഫീസുൾപ്പെടെ 1000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. പാതിരാമണലിലേക്കുള്ള യാത്രയിൽ വേലകളി, കുത്തിയോട്ടം, വില്ലടിച്ചാംപാട്ട് തുടങ്ങിയവയുടെ ചരിത്രവും ആലപ്പുഴ പാരമ്പര്യവുമെല്ലാം സഞ്ചാരികൾക്ക് പകർന്നുനൽകും. പാതിരാമണൽ ദ്വീപിലെ ആംഫി തിയേറ്ററിൽ കളരി, ഗരുഡൻപയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനമുണ്ടാകും. മടക്കയാത്രയിൽ കക്ക നീറ്റുന്നതുകാണാനും അവസരമുണ്ടാകും. ഇതിനിടെ ചെറിയ വള്ളങ്ങളിലെ കടകളിൽനിന്ന് ആവശ്യമായ നാടൻവസ്തുക്കളും വാങ്ങാം.
കുറഞ്ഞ ചിലവിൽ കൂടുതൽ കാഴ്ചകൾ
കുട്ടനാടൻ സഫാരിയുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസവും കെ.ടി.ഡി.സിയുംസഹകരിക്കും
ബഡജ്റ്റ് ടൂറിസത്തിന്റെ ഭാഗമായിയി പത്തനംതിട്ടയിൽ നിന്നടക്കം യാത്രക്കാരെ എത്തിക്കും
കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ ആംഫി തീയറ്റിലേക്ക് യാത്ര സംഘടിപ്പിക്കും
ഇതിനായി 30 സീറ്റിന്റെ സോളാർ ബോട്ട് ഉപയോഗിക്കും. നിരക്ക് തീരുമാനിച്ചിട്ടില്ല.
കുട്ടനാട് സഫാരി
(ഏപ്രിൽ 10 മുതൽ മേയ് 5 വരെയുള്ള കണക്ക്)
ആകെ യാത്ര ചെയ്തവർ : 1366
വരുമാനം : 13.10 ലക്ഷം
ടിക്കറ്റ് നിരക്ക് (ഒരാൾക്ക്)
₹1000
കുട്ടനാട് സഫാരി ബുക്ക് ചെയ്യുന്നതിന്
9400050333
പാക്കേജിനോട് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കെ.ടി.ഡി.സി, കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഉടൻ തന്നെ ഇവരുമായി സഹകരിച്ചുള്ള യാത്രകൾ ആരംഭിക്കും
-ജലഗതാഗത വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |