തൊടുപുഴ: ലക്ഷങ്ങൾ ചെലവഴിച്ച് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിർമ്മിച്ച ആധുനിക ശൗചാലയ സമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ജനങ്ങൾക്ക് പ്രയോജനപ്പെടാതെ അടഞ്ഞുകിടക്കുന്നു. നഗരമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ഈ മനോഹരമായ കെട്ടിടം പുറത്തുനിന്നു കണ്ടാൽ അത്യാധുനിക സൗകര്യങ്ങളുള്ളതാണെന്ന് തോന്നുമെങ്കിലും ഇതിന്റെ പ്രയോജനം നാട്ടുകാർക്കോ യാത്രക്കാർക്കോ നാളിതുവരെ ലഭ്യമായിട്ടില്ല. നവംബർ മൂന്നിന് അന്നത്തെ നഗരസഭാ ചെയർപേഴ്സൺ കെ. ദീപക് വലിയ ആഘോഷത്തോടെയാണ് ശൗചാലയ സമുച്ചയം ഉദ്ഘാടനം ചെയ്തത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഒരാൾക്ക് പോലും ഇതിനുള്ളിൽ പ്രവേശിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ സാധിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കാര്യമറിയാതെ ശൗചാലയത്തിന്റെ പടികൾ കയറിവരുന്നവരോട് 'അത് ഉപയോഗിക്കാറായില്ല, അപ്പുറത്തെ ശൗചാലയത്തിൽ പൊയ്‌ക്കോ" എന്ന് നാട്ടുകാർക്ക് തന്നെ പറയേണ്ട ഗതികേടാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ജോലികൾ പൂർത്തിയാക്കാതെ യു.ഡി.എഫ് ഭരണസമിതി വോട്ട് ലക്ഷ്യമിട്ട് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. 2019ൽ പണികൾ തുടങ്ങിയ ഈ സമുച്ചയം 55.75 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. ഉദ്ഘാടനത്തിന് ശേഷം അധികൃതരാരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന ശൗചാലയത്തിന്റെ കരാർ കാലാവധി മാർച്ച് വരെയാണെന്നും അത് പൂർത്തിയാകാത്തതിനാലാണ് പുതിയത് തുറക്കാത്തതെന്നുമാണ് ചെയർപേഴ്സൺ സാബിറ ജലീൽ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ മാർച്ചും ഏപ്രിലും കഴിഞ്ഞ് മേയ് മാസമായിട്ടും ശൗചാലയത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നുമില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ ഉദ്ഘാടനമാണിതെന്ന് ജനങ്ങൾക്കിടയിൽ ആക്ഷേപം ശക്തമാണ്.
പണി തീരാതെ ഉദ്ഘാടനം
പണി പൂർത്തിയാകാതെയായിരുന്നു ഉദ്ഘാടനം എന്നതിന്റെ തെളിവുകൾ കെട്ടിടത്തിന് ചുറ്റും കാണാം. നിലവിൽ കെട്ടിടത്തിന്റെ പരിസരം കാടുപിടിച്ച നിലയിലാണ്. വരാന്തയിലാകെ പക്ഷികളുടെ കാഷ്ഠം നിറഞ്ഞിരിക്കുന്നു. മുകളിലേക്കുള്ള ഇരുമ്പുപടികൾ കയറിയാൽ കാണുന്നത് പൊട്ടിയ ചില്ലുകളും വൃത്തിഹീനമായ നിലവുമാണ്. കെട്ടിടത്തിന്റെ ഭിത്തികളിൽ ചെളി പിടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഒരു മൂലയിൽ കുമിഞ്ഞുകൂടി കിടക്കുന്നു. ആവശ്യത്തിന് ബൾബ് പോലുമിടാതെയായിരുന്നു ധൃതിപിടിച്ചുള്ള ഉദ്ഘാടനം നടന്നത്.
വലഞ്ഞ് യാത്രക്കാർ
ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന തിരക്കേറിയ സ്ഥലമാണ് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ്. നിലവിൽ പരിമിതമായ സൗകര്യങ്ങളുള്ള പഴയ പൊതുശൗചാലയം മാത്രമാണ് ഇവിടെയുള്ളത്. ആ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്ന് കരുതിയ പുതിയ കെട്ടിടത്തെ രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച നിലപാടാണ് അധികൃതരുടേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |