
ജയ്‌പൂർ: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ് യു.ജി) ചോദ്യപേപ്പർ ചോർന്നതായുള്ള സംശയത്തിൽ 13 പേർ കസ്റ്റഡിയിൽ. സികാർ, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നാണ് രാജസ്ഥാൻ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. സികാറിലെ കോച്ചിംഗ് സെന്റർ ഉടമ, പേയിംഗ് ഗസ്റ്റ് താമസ സൗകര്യ ഉടമ, ഡെറാഡൂണിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ തുടങ്ങിയവർ കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിനായി മാത്രമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
മേയ് മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്. രാജസ്ഥാൻ സികാറിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ചോദ്യാവലി യഥാർത്ഥ ചോദ്യപേപ്പറിലെ ചില ഭാഗങ്ങൾക്ക് സമാനമാണെന്നതാണ് സംശയം ഉയരാൻ കാരണം. നീറ്റ് പരീക്ഷയിലെ 720 ചോദ്യങ്ങളിൽ 600 എണ്ണമാണ് ചോദ്യാവലിയിലേതുമായി സാദൃശ്യമുള്ളതെന്ന് രാജസ്ഥാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഇത് യാദൃച്ഛികമായി സംഭവിച്ചതാണോ അതോ ചോദ്യപേപ്പർ ചോർന്നതാണോയെന്ന സംശയത്തിലാണ് അധികൃതർ. നീറ്റ് പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപാണ് സികാറിൽ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതൽ രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റഴിച്ചത്. പരീക്ഷയ്ക്ക് മുൻപ് ഏകദേശം 30,000 ചോദ്യാവലികൾ വിറ്റു പോയിരുന്നു.കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് രാജസ്ഥാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. അന്വേഷണം കേരളത്തിലേയ്ക്കും നീളുന്നതായി വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |