SignIn
Kerala Kaumudi Online
Thursday, 14 May 2026 2.53 AM IST

നീറ്റ് പരീക്ഷയുടെ റദ്ദാക്കൽ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
a

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജിയുടെ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് സങ്കടത്തിലാക്കിയിരിക്കുന്നത്. 22 ലക്ഷത്തോളം വിദ്യാർത്ഥികളാണ് മേയ് 3ന് നടന്ന പരീക്ഷ എഴുതിയത്. കേരളത്തിൽ നിന്നുമാത്രം ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ പരീക്ഷ എഴുതിയിരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഒരു വർഷം കോച്ചിംഗിനും മറ്റും പോയി രാത്രി പകലാക്കി പഠിച്ച കുട്ടികളാണ് പരീക്ഷ എഴുതിയവരിൽ ഭൂരിപക്ഷവും. ഇതാദ്യമായല്ല നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോരുന്നത്. 2016, 2021, 2024 ഇപ്പോൾ 2026 എന്നിങ്ങനെ ഇതുവരെ നാല് തവണയെങ്കിലും നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. 2024ൽ ബീഹാർ കേന്ദ്രീകരിച്ച് നടന്ന ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ പരീക്ഷ റദ്ദാക്കിയ സംഭവം സുപ്രീംകോടതിയുടെ വരെ ഇടപെടലിന് ഇടയാക്കിയിരുന്നു.

പരീക്ഷയുടെ നടത്തിപ്പും ചോദ്യപേപ്പറിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതും സംബന്ധിച്ച് കർശനമായ നിർദ്ദേശങ്ങളാണ് അന്ന് സുപ്രീംകോടതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന എൻ.ടി.എയ്ക്ക് നൽകിയിരുന്നത്. അതിനാൽ 2024ൽ നടത്തിയ രണ്ടാം പരീക്ഷ കുറ്റമറ്റ രീതിയിലാണ് നടത്തിയത്. 2025ലും അതേപോലെ നടന്നു. വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ എന്ന ചൊല്ലിനെ ഓർമ്മിപ്പിച്ചുകൊണ്ട് 2026ലെ പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കിയതിന് പുറമെ സി.ബി.ഐ അന്വേഷണത്തിനും കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതൊന്നും വിദ്യാർത്ഥികൾ കടന്നുപോകുന്ന മാനസിക സംഘർഷത്തിന് പകരമാകില്ല. ദേശീയ ടെസ്റ്റിംഗ് ഏജൻസി അപ്പാടെ അഴിച്ചുപണിയുന്ന നടപടികളാണ് കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരുവിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിയാണ് ചോദ്യബാങ്ക് സിക്കറിലുള്ള ഒരാൾക്ക് അയച്ചു കൊടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച 'സാദ്ധ്യതാ' ചോദ്യപേപ്പറിൽ യഥാർത്ഥ ചോദ്യപേപ്പറിലെ ഭൂരിപക്ഷം ചോദ്യങ്ങളും അതേപടി ഉണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. മൊത്തം 720 ചോദ്യങ്ങളാണ് ഉള്ളത്. അതിൽ 600 മാർക്കിന്റെ ചോദ്യങ്ങളാണ് സംശയമുനയിലുള്ളത്. സിക്കറിലെ എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം കൺസൾട്ടൻസി ഓഫീസ് നടത്തിയിരുന്ന വ്യക്തി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്നായി അമ്പതോളംപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. 5 ലക്ഷം മുതൽ 30 ലക്ഷംവരെ വാങ്ങിയാണ് 'ചോദ്യപേപ്പർ കച്ചവടം' നടന്നതെന്നും കരുതപ്പെടുന്നു. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പുതന്നെ 410 ചോദ്യങ്ങളുള്ള ഒരു സാദ്ധ്യതാ ചോദ്യബാങ്ക് വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിൽ കെമിസ്ട്രി വിഭാഗത്തിലുള്ള 120ഓളം ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ തന്നെയായിരുന്നു. ഈ ചോദ്യപേപ്പർ പരസ്യമായി വിറ്റിട്ടും ആരും അറിഞ്ഞില്ലേ എന്ന ചോദ്യം പരീക്ഷയുടെ നടത്തിപ്പുകാരെ പ്രതിക്കൂട്ടിൽ നിറുത്താൻ പോന്നതാണ്.

ആർക്കും മുക്കിനു മുക്കിന് എൻട്രൻസ് കോച്ചിംഗ് സെന്റർ തുടങ്ങാമെന്ന ഇപ്പോഴത്തെ അവസ്ഥ തുടരാൻ അനുവദിക്കരുത്. ഇതിന് മുമ്പുള്ള പരീക്ഷാപേപ്പർ ചോദ്യങ്ങളുടെ ചോർച്ചയ്ക്ക് പിന്നിൽ കോച്ചിംഗ് സെന്ററുകളുടെ ഭീമൻ റാക്കറ്റുകൾ പ്രവർത്തിച്ചിരുന്നു എന്നത് പുറത്തുവന്ന കാര്യമാണ്. കുറഞ്ഞ സമയം കൊണ്ട് മലവെള്ളംപോലെ പണം വന്നുകയറുന്ന ഒരു ഏർപ്പാടാണ് എൻട്രൻസ് കോച്ചിംഗ്. ഉത്തരേന്ത്യയിലെ കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പുകാർ അതിശക്തമായ രാഷ്ട്രീയ സ്വാധീനം ഉള്ളവരുമാണ്. എത്രയോ വിദ്യാർത്ഥികളുടെ ഭാവി ഇങ്ങനെ പന്താടപ്പെടാൻ ഇനി ഒരിക്കലും ഇടയാക്കാത്ത വിധത്തിലുള്ള പരിഹാരമാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാകേണ്ടത്. നീറ്റ് പരീക്ഷ പല ഘട്ടങ്ങളായി നടത്തുന്നതും പരിഗണിക്കേണ്ടതാണ്.

Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY