SignIn
Kerala Kaumudi Online
Sunday, 17 May 2026 2.03 AM IST

കോൺഗ്രസിലെ കർശന ഭാവം

f

കൊച്ചി: തൂവെള്ള ഖദറിൽ വെളുക്കെ ചിരിക്കുന്ന കോൺഗ്രസുകാരുടെ പൊതുസ്വഭാവത്തിൽ നിന്ന് ഏറെ വ്യത്യസ്തനാണ് വി.ഡി. സതീശൻ. കാര്യങ്ങൾ മുഖത്തുനോക്കി പറയുക, തെറ്റ് ചൂണ്ടിക്കാട്ടുക, പ്രീണന രാഷ്ട്രീയത്തെ പടിപ്പുറത്ത് നിറുത്തുക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ രീതി. ഇത്തരത്തിൽ നോക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർക്ക് സമാനമായ കാർക്കശ്യം തന്നെയാണ് സതീശന്. ഈ ശൈലിയിലാണ് പത്തു വർഷം ഭരിച്ച എൽ.ഡി.എഫ് നയങ്ങളോട് അദ്ദേഹം പൊരുതിനിന്നതും യു.ഡി.എഫിന്റെ പുതിയ നായകനായി ജനം അംഗീകരിച്ചതും. സതീശന്റെ കാർക്കശ്യം അദ്ദേഹത്തിന് തന്നെ ദോഷമായി വന്നിട്ടുണ്ട്. പല സംഘടിത ശക്തികളും എതിരായി. സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വേണ്ടത്ര പിന്തുണ ഇല്ലാതായി. എന്നാൽ നിലപാടുകളിൽ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങിയില്ല. പുതിയ കാലത്തിന്റെ നേതാവ് ഒത്തുതീർപ്പുകളുടെ മദ്ധ്യസ്ഥനാകരുതെന്നും പൊരുതിനിൽക്കുന്നവരാകണമെന്നും വോട്ടർമാർ നിശ്ചയിച്ചിരിക്കണം. അതുകൊണ്ടാണ് വി.ഡി. സതീശൻ കണക്കുകൂട്ടിയതുപോലെ നൂറിലധികം സീറ്റുകൾ നൽകിയത്. അതേ ജനവികാരം മാത്രമാണ് മുഖ്യമന്ത്രിക്കസേരയിലെത്താൻ സതീശന് തുണയായത്.

പുതിയ സർക്കാരിനെ കാത്തിരിക്കുന്നത് ശതകോടികളുടെ കടവും കാലിയായ ഖജനാവുമായിരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ഇത് അറിഞ്ഞുകൊണ്ടാണ് പുതിയ കാലത്തേയ്ക്കുള്ള വാഗ്ദാനങ്ങളുമായി സതീശൻ പുതുയുഗ യാത്ര നയിച്ചത്. നവയുഗത്തിൽ ചെയ്യാനുള്ള കാര്യങ്ങൾ അദ്ദേഹം നിരത്തിയപ്പോൾ പലരും ചോദ്യമുയർത്തി, പ്രതിസന്ധികൾക്കിടയിൽ എന്തു ചെയ്യാനാകുമെന്ന്. ഇക്കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുകളും ഗൃഹപാഠങ്ങളും ചെയ്തിട്ടുണ്ടെന്നാണ് സതീശൻ മറുപടി പറഞ്ഞത്. ഖജനാവ് നിറയ്ക്കാനുള്ള മാർഗങ്ങൾ തന്റെ പക്കലുണ്ടെന്നും വാക്കുനൽകി. ഇനി അത് തെളിയിക്കാനുള്ള അവസരമാണ്. സത്ഭരണമാണ് ജനം പ്രതീക്ഷിക്കുന്നത്. അണുവിട തെറ്റിയാൽ വലിയ വില നൽകേണ്ടിവരും. അതേക്കുറിച്ച് ഏറ്റവും ബോദ്ധ്യമുള്ളതും ഒരുപക്ഷേ, വി.ഡി. സതീശനു തന്നെയായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL