SignIn
Kerala Kaumudi Online
Sunday, 17 May 2026 5.11 AM IST

പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം പാതിവഴിയിൽ

yyyy

നെയ്യാറ്റിൻകര: നഗരസഭയുടെ കഴിഞ്ഞ ഭരണസമിതി ആരംഭിച്ച പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം പാതിവഴിയിലായ അവസ്ഥയിൽ. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വീണ്ടുമെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ബാക്കി നിർമ്മാണങ്ങൾ പുനരാരംഭിക്കാനായിട്ടില്ല.

വികസനഘട്ടം ഇങ്ങനെ

ഇപ്പോഴത്തെ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ.ഹീബ പത്തുവർഷം മുൻപ് ചെയർപേഴ്‌സണായിരുന്നപ്പോഴാണ് പിന്നാക്ക പ്രദേശമായ പെരുമ്പഴുതൂർ ജംഗ്ഷൻ വികസിപ്പിക്കാനായി പദ്ധതി കൊണ്ടുവന്നത്. ഇതിലേക്കായി സ്ഥലം ഏറ്റെടുക്കപ്പെട്ട ഭൂവുടമകൾക്കും കട ഉടമകൾക്കും നഷ്ടപരിഹാരവും അനുവദിച്ചു.

2016ൽ വന്ന ഭരണസമിതി പെരുമ്പഴുതൂരിലെ വ്യാപാരികളെ ഒഴിപ്പിച്ച് ഓപ്പൺപാർക്കും പൂന്തോട്ടവും ഇവയ്ക്ക് രണ്ടിനുമിടയിലുള്ള സ്ഥലത്ത് കളത്തുവിളയിൽനിന്ന്‌ അരുവിപ്പുറം റോഡുമായി ബന്ധിപ്പിക്കാനുള്ള റോഡ് നിർമ്മാണ പദ്ധതിയും കൊണ്ടുവന്നു.

ഇഴഞ്ഞിഴഞ്ഞ് പണികൾ

2021ലെ ഭരണസമിതിയുടെ അവസാനകാലത്ത് ഓപ്പൺ ഓഡിേറ്റാറിയം നിർമ്മിച്ച് തുറന്നുകൊടുത്തു.

എന്നാൽ, കളത്തുവിള-അരുവിപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന റോഡ് നിർമ്മിക്കാൻ കഴിഞ്ഞില്ല. പൂന്തോട്ടം നിർമ്മിക്കാനുള്ള സ്ഥലത്ത് ചെറിയ കോൺക്രീറ്റ് മതിൽ നിർമിക്കുക മാത്രമാണ് ചെയ്തത്. തുടർന്ന് നഗരസഭയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽത്തന്നെ ഭരണസമിതി വന്നെങ്കിലും ഇതുവരെ ബാക്കി പണികൾ ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടില്ല.

ബസ് വേ നിർമ്മാണവും പാളി

പെരുമ്പഴുതൂർ ജംഗ്ഷൻ വികസിപ്പിക്കാനുള്ള പ്രധാന കാരണം കളത്തുവിളയിൽനിന്നു വാഹനങ്ങൾക്ക് കാട്ടാക്കടയിലേക്കോ അരുവിപ്പുറത്തേക്കോ പോകാനുള്ള ദുരിതം കുറയ്ക്കാൻ വേണ്ടിയായിരുന്നു.

ഇതിന് പരിഹാരമായി കളത്തുവിളയിൽനിന്നു വരുന്ന ബസുകൾക്ക് അരുവിപ്പുറം റോഡിലേക്ക് നേരിട്ടുകടക്കാനായി പാർക്കിനും ഓപ്പൺ ഓഡിറ്റോറിയത്തിനുമിടയിലായി പുതിയ പാത ഒരുക്കി. ഈ പാതയിലൂടെ ബസുകൾക്ക്‌ കഷ്ടിച്ച് കടന്നുപോകാനേ കഴിയൂ. മാത്രമല്ല, പാതയ്ക്ക് വളവുണ്ട്. ഇത് നിവർത്തി ടാറിട്ടാലേ ഗതാഗതം സുഗമമാകൂ.

പെരുമ്പഴുതൂർ വാർഡിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം സർക്കാർ വിഹിതമായി ലഭിച്ച 1കോടി രൂപ ചെലവിട്ടാണ് മിക്ക പണികളും പൂർത്തീകരിച്ചത്.

നിർമ്മാണങ്ങൾ പൂർത്തീകരിക്കണം

നെയ്യാറ്റിൻകരയിൽനിന്ന്‌ കാട്ടാക്കടയിലേക്കു പോകുന്ന ബസുകൾക്ക് ബസ് ബേ നിർമ്മിച്ചിട്ടില്ല. പെരുമ്പഴുതൂരിൽനിന്ന്‌ യാത്രക്കാർക്ക് ബസ് കയറാനായി കാത്തിരിപ്പ് കേന്ദ്രം വേണം. പുറമേ പൂന്തോട്ടത്തിന്റെ നിർമ്മാണവും പൂർത്തീകരിക്കണം.

പെരുമ്പഴുതൂർ മാർക്കറ്റ് കോംപ്ളക്സ് നിർമ്മാണത്തിനായി 2026-27ലെ നഗരസഭാ ബഡജറ്റിൽ 2.5കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL