
കിളിമാനൂർ: കുളിരുമായി വേനൽമഴയെത്തിയതോടെ തേനീച്ച കർഷകരുടെ മനസിൽ തീ. ഒരു പെട്ടിക്കുള്ളിൽ നിന്ന് മുൻകാലങ്ങളിൽ 12 കിലോ വരെ തേൻ ലഭിച്ചിരുന്നിടത്ത് ഇപ്പോഴത് നാലായി. സീസണായിട്ടും ഭീമമായ നഷ്ടമാണെന്ന് കർഷകർ പറയുന്നു. വൻതേനാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഒരു കിലോ തേനിന്റെ വില 180, 200 രൂപയാണ്. മുൻകാലങ്ങളിൽ 260 വരെ ലഭിച്ചിരുന്നു. ചെറുതേൻ കിലോയ്ക്ക് 2,000 രൂപയാണ് വില. കുറഞ്ഞവിലയ്ക്ക് കർഷകരിൽ നിന്ന് തേനെടുത്ത ശേഷം, സോഷ്യൽ മീഡിയയിലൂടെ അധിക വിലയ്ക്ക് വിൽക്കുന്ന ഇടനിലക്കാരും സജീവമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗുണമേന്മ കുറഞ്ഞ വ്യാജതേനും വിപണി കീഴടക്കുന്നുണ്ട്.
പരിപാലനം കീശകീറും
റബറിന്റെ തളിരില മൂപ്പിടുമ്പോഴാണ് കൂടുതൽ തേൻ ലഭിക്കുക. റബറിന് വില കുറഞ്ഞതോടെ മലയോര മേഖലയിലെ നിരവധി മരങ്ങൾ വെട്ടിമാറ്റി കൈത, മറ്റ് പച്ചക്കറി കൃഷികളിലേക്ക് തിരിഞ്ഞു. മഴക്കാലത്ത് തേനീച്ചയുടെ പരിപാലനം ചെലവേറും. ഒരു പെട്ടിക്ക് 200 ഗ്രാം പഞ്ചസാര വേണം. വർഷകാല സംഭരണത്തിനായി ഒരു കൂടിന് ഒന്നര കിലോയിലധികം പഞ്ചസാര വേണ്ടി വരും. ആഴ്ചയിൽ ഒന്ന് വീതമാണ് തീറ്റ നൽകേണ്ടത്. പഞ്ചസാര ലായനി തിളപ്പിച്ചാറിച്ച് അരിച്ചെടുത്ത് നൽകും. കൂടുതൽ തേനീച്ച പെട്ടിയുള്ള കർഷകർ പരസ്പരം സഹകരിച്ചാണ് പഞ്ചസാര തീറ്റ നൽകുക.
പരിശീലനവും ഫലമില്ല
റബർ ബോർഡ്, ഖാദി ബോർഡ്, ഹോർട്ടികോർപ്പ് തുടങ്ങിയവ തേനീച്ചകൃഷിയെ പ്രോത്സാഹിപ്പിക്കാനായി പരിശീലന പദ്ധതികൾ നടത്തുന്നുണ്ട്. എന്നാൽ പുതിയ തലമുറ കടന്നുവരുന്നില്ല. തേനീച്ചയുടെ കുത്ത്, പരിപാലനം, ചെലവ് തുടങ്ങിയവ വെല്ലുവിളിയാണ്. മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടുതലുണ്ടായാൽ കർഷകർക്ക് ആശ്വാസമാകും.
സീസണിലും ഉത്പാദനം മുന്നിലൊന്നായി കുറഞ്ഞു. ആദ്യമാണ് ഇത്രയും മോശം സീസൺ.
ജവാദ്
തൊളിക്കുഴി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |