
ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സി.പി.എം പ്രവർത്തകർ പ്രതികൾ
കണ്ണൂർ: ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സി.പി.എം പ്രവർത്തകർ പ്രതികളായ ഷുഹൈബ് വധക്കേസിലെ വിചാരണ, തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് തുടങ്ങും. 2018 ഫെബ്രുവരി 12ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബ് കൊല്ലപ്പെടുന്നത്. എട്ടുവർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. സർക്കാറിന്റെ തടസവാദങ്ങൾ വിചാരണ വൈകാൻ കാരണമായി.
ജൂലായ് 10 വരെ തുടർച്ചയായാണ് വിചരണ നടക്കുു. കേസിൽ ആദ്യം 137 സാക്ഷികളെ വിസ്തരിക്കും. വിചാരണക്കോടതിയിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ വയ്ക്കുന്നതിന്റെ ചെലവു വഹിക്കുമെന്നു കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കുടുംബത്തെ അറിയിച്ചിരുന്നു. കുടുംബം നിർദേശിച്ച അഡ്വ. കെ. പത്മനാഭനാണ് സ്‌പെഷൽ പ്രോസിക്യൂട്ടർ.
തട്ടുക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ സംഘം ആദ്യം ബോംബെറിയുകയും പിന്നീട് ഷുഹൈബിനെ 41 തവണ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്ന് മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു.
സർക്കാർ അഭിഭാഷകർക്ക്
നൽകിയത് 89.70 ലക്ഷം
കേസിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാരിന് വേണ്ടി വാദിക്കാൻ സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ അഭിഭാഷകർക്ക് വേണ്ടി സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഹൈക്കോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിക്ക് നൽകിയത് 64.40 ലക്ഷം. അമരീന്ദർ സിംഗിന് 22 ലക്ഷം. സുപ്രീംകോടതിയിൽ സർക്കാരിനുവേണ്ടി ഹാജരായത് വിജയ് ഹൻസാരിയും ജയദീപ് ഗുപ്തയും. സുപ്രീംകോടതിയിൽ വാദിച്ചതിന് 3.30 ലക്ഷമാണ് കൊടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |