സ്വപ്രയത്നം ഒന്നുകൊണ്ട് മാത്രം മലയാളത്തിന്റെ മഹാനടനെന്ന് പേരുകേട്ടയാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ എക്കാലത്തേക്കും നിലനിൽക്കുകയും ചെയ്യും. ആ മഹാനടന്റെ തുടക്ക കാലത്ത് അദ്ദേഹം ചാൻസ് ചോദിക്കാനായി 'മാസ്റ്റർ ഡയറക്ടർ' ഐ.വി ശശിയുടെ അസോസിയേറ്റായി പ്രവർത്തിച്ച തന്റെ സുഹൃത്തിന്റെ അച്ഛനെ കാണാനെത്തിയ കാര്യം വിവരിക്കുകയാണ് ശ്രീനിവാസൻ രാമചന്ദ്രൻ എന്നയാൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീനിവാസൻ ഇക്കാര്യം പറയുന്നത്. തന്റെ സുഹൃത്തിന്റെ അമ്മയാണ് അന്ന് മമ്മൂട്ടി വന്നപ്പോൾ വാതിൽ തുറന്നതെന്നും ശ്രീനിവാസൻ പറയുന്നു. മമ്മൂട്ടിയുടെ ചെറുപ്പകാലത്തുള്ള ഒരു ചിത്രവും ശ്രീനിവാസൻ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.
ശ്രീനിവാസൻ രാമചന്ദ്രന്റെ കുറിപ്പ് വായിക്കാം:
'ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ...
കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..
വാശിയല്ല, പിടിവാശി...
ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..
മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |