തിരുവനന്തപുരം : പി.എസ്.സി തട്ടിപ്പു കേസിലും, യൂണിവേഴ്സിറ്റിയിൽ സഹപാഠിയെ കുത്തിയ കേസിലും പ്രതിയായ നസീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നെഗറ്റീവ് കമന്റിട്ട രണ്ട് യുവാക്കളെ ഒരു സംഘം ക്രൂരമായി മർദിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ പൂർവ വിദ്യാർത്ഥികളായ തമലം സ്വദേശി അനൂപ്, ആര്യങ്കോട് സ്വദേശി ശ്യാം എന്നിവരെയാണ് കോളേജിനകത്തിട്ട് മർദിച്ചത്. കഴിഞ്ഞ വർഷം കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഇവർ കഴിഞ്ഞ ദിവസം ടി.സി വാങ്ങുന്നതിനായിട്ടാണ് കലാലയത്തിലെത്തിയത്.
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലടക്കം ഫേസ്ബുക്ക് പോസ്റ്റുകളിൽ ഇവർ നസീമിനെ വിമർശിച്ചിരുന്നു. ടി.സി വാങ്ങുന്നതിനായി ഇവർ എത്തുന്നതറിഞ്ഞ് തൊട്ടടുത്തെ സംസ്‌കൃത കോളേജിൽ നിന്നും ഒരു സംഘമെത്തിയാണ് ഇവരെ മർദിച്ചത്. കോളേജിലെ കുപ്രസിദ്ധമായ ഇടിമുറിയിൽ കൊണ്ടുപോയി മർദിച്ചുവെന്നാണ് ആരോപണം. മർദനത്തിൽ കത്തിക്കുത്ത് കേസിൽ ഉൾപ്പെട്ട ആളുകളും ഉൾപ്പെട്ടിരുന്നതായി അറിയുന്നു. നിസാമിനെ ഫേസ്ബുക്കിൽ നിശിതമായി വിമർശിച്ച ശ്യാമിനായിരുന്നു കൂടുതൽ മർദനമേറ്റത്. മർദനത്തെ തുടർന്ന് ഇവർ തൊട്ടടുത്ത ജനറൽ ആശുപത്രിയിൽ അഭയം തേടുകയായിരുന്നു. എന്നാൽ ഇവിടെ എത്തിയ ഒരു സംഘം പൊലീസിൽ പരാതിപ്പെട്ടാൽ ഇനിയും മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് പരാതി നൽകുന്നതിൽ നിന്നും യുവാക്കൾ പിൻമാറുകയായിരുന്നു.
പി.എസ്.സി പരീക്ഷയിൽ കോപ്പിയടിച്ച കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയ നസീം ഫേസ്ബുക്കിലിട്ട പോസ്റ്റും വിവാദമായിരുന്നു. കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണെന്ന് നസീം അഭിപ്രായപ്പെട്ടത് . തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ച നിമിഷമായിരുന്നു, ഞാൻ ആദ്യമായി വിജയിച്ചത്' എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം നസീം ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളും ലൈക്കുകളും ലഭിച്ചിരുന്നു. തുടർന്ന് പോസ്റ്റിന് 'നീയൊക്കെ എങ്ങനെ തോൽക്കാൻ അമ്മാതിരി കോപ്പിയടി അല്ലെ നടത്തുന്നെ' ഒരാൾ കമന്റ് ചെയ്തു. ഇതിനു നൽകിയ മറുപടിയിലാണ് 'കോപ്പിടിച്ചെങ്കിൽ അതെന്റെ കഴിവ്' എന്ന് നസീം തിരിച്ച് കമന്റ് ചെയ്തത്. നസീമിനെ പിന്തുണച്ചും ചിലരുടെ കമന്റുകളുണ്ട്. എന്നാൽ വിവാദമായതോടെ നസീം പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |