കൊച്ചി: കപ്പലുകൾക്ക് സൾഫർ അംശം കുറഞ്ഞ ഇന്ധനം നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) ചുവടുപിടിച്ച് മറ്ര് എണ്ണക്കമ്പനികളും ഒരുങ്ങുന്നു. 2020 ജനുവരി ഒന്നുമുതൽ കപ്പലുകൾ ഉപയോഗിക്കുന്ന ഇന്ധനമായ മറൈൻ ഫ്യുവൽ ഓയിലിൽ (ഹെവി ഫ്യുവൽ ഓയിൽ - എച്ച്.എഫ്.ഒ) സൾഫറിന്റെ അംശം 0.50 ശതമാനം എം/എം (മാസ് ബൈ മാസ്) ആയിരിക്കണമെന്ന് യു.എന്നിന്റെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) നിർദേശിച്ചിട്ടുണ്ട്.
ചട്ടം പ്രാബല്യത്തിൽ വരുംമുമ്പേ തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സൾഫർ 0.50 ശതമാനം എം/എം മാത്രം അടങ്ങിയ ഇന്ധനം ഈമാസം ആദ്യം മുതൽ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ഈ ഇന്ധനം ലഭ്യമാക്കുന്ന ആദ്യ കമ്പനിയാണ് ഐ.ഒ.സി. വെരി ലോ സൾഫർ ഫർണസ് ഓയിലാണ് (വി.എൽ.എസ്.എഫ്.ഒ) കൊച്ചി, കാണ്ട്‌ല തുറമുഖങ്ങളിലായി ഐ.ഒ.സി വിതരണം ചെയ്യുന്നത്. മുംബയ്, മംഗലാപുരം, തൂത്തുക്കുടി, ചെന്നൈ, വിശാഖപട്ടണം, പാരദ്വീപ്, ഹാൽദിയ തുറമുഖങ്ങൾ വഴിയും ഈമാസം തന്നെ വിതരണം ഐ.ഒ.സി ആരംഭിക്കും.
ഈ മാസം തന്നെ സൾഫൾ അംശം കുറഞ്ഞ കപ്പൽ ഇന്ധന വിതരണം ആരംഭിക്കുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയവും വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ മുംബയ്, വിശാഖപട്ടണം റിഫൈനറികളിൽ വി.എൽ.എസ്.എഫ്.ഒയുടെ ഉത്‌പാദനത്തിന് ഒരുക്കങ്ങളായി. 5,000 മുതൽ 10,000 ടൺ വരെ വി.എൽ.എസ്.എഫ്.ഒ ഉത്‌പാദനമാണ് ആദ്യഘട്ടത്തിൽ പ്രതിമാസം കമ്പനി ലക്ഷ്യമിടുന്നത്.
സൾഫർ ഇന്ധനം
ലോകത്ത് ഏറ്റവുമധികം മലിനീകരണമുണ്ടാക്കുന്ന ഇന്ധനമാണ് കപ്പലുകൾ ഉപയോഗിക്കുന്നത്. നിലവിൽ ഇതിൽ സൾഫറിന്റെ അംശം 3.50 ശതമാനം എം/എം ആണ്. കാറുകൾ സൃഷ്‌ടിക്കുന്നതിനേക്കാൾ 3,500 മടങ്ങ് അധികം മലിനീകരണമാണ് ഇവയുണ്ടാക്കുന്നത്. യൂറോപ്പിൽ മാത്രം പ്രതിവർഷം 50,000 അകാല മരണങ്ങൾ ഇതു സൃഷ്‌ടിക്കുന്നുണ്ടെന്നാണ് പഠനം.
0.50%
കപ്പൽ ഇന്ധനത്തിൽ 2020 ജനുവരി ഒന്നു മുതൽ സൾഫറിന്റെ അംശം 0.50 ശതമാനം എം/എമ്മിൽ കൂടരുതെന്നാണ് ഐ.എം.ഒയുടെ നിർദേശം. മലിനീകരണം അതിരൂക്ഷമായ പ്രദേശങ്ങളിൽ പരമാവധി 0.10 ശതമാനം എം/എം സൾഫർ മാത്രം മതിയെന്നും ഐ.എം.ഒ നിർദേശിച്ചിട്ടുണ്ട്.
സാവകാശം തേടാൻ ഇന്ത്യ
സൾഫർ അംശം കുറഞ്ഞ ഇന്ധനത്തിലേക്ക് മാറുമ്പോൾ കപ്പലുകളുടെ ഇന്ധനച്ചെലവ് 40 ശതമാനം വരെ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. ഇതുചൂണ്ടിക്കാട്ടി, നിർദേശം നടപ്പാക്കാൻ ഇന്ത്യ കൂടുതൽ സാവകാശം തേടിയേക്കുമെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |