ന്യൂഡൽഹി: അയോദ്ധ്യ കേസിൽ സുപ്രീം കോടതി വിധി പറയുന്ന പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിലെയും വിവിധ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. ജമ്മുകാശ്മീരിനെ കൂടാതെ മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, ന്യൂഡൽഹി എന്നിവിടങ്ങളിൽ സ്കൂളുകളും കോളേജുകളുമുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.
ഉത്തർപ്രദേശിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധിയാണ്. കൂടാതെ കർണാടക, ജമ്മു, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടാം ശനിയാഴ്ചയായതിനാൽത്തന്നെ ഡൽഹിയിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും അവധിയാണ്. കൂടാതെ സ്വകാര്യ സ്കൂളുകൾക്കും അവധി നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
നാലിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് നിരോധിക്കുന്ന സിആർപിസിയുടെ സെക്ഷൻ 144 ഗോവ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലും കൂടാതെ ബംഗളൂരുവിലും ഇത് പ്രാബല്യത്തിൽ വരും.
സിആർപിസി സെക്ഷൻ 144 ബംഗളൂരുവിൽ രാവിലെ 7 മുതൽ അർദ്ധരാത്രി 12 വരെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ, ജമ്മു കാശ്മീർ ഭരണകൂടവും പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. കൂടാതെ ശനിയാഴ്ച മദ്യത്തിന്റെ വിൽപ്പനയും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഹൈദരാബാദിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
'ഹൈദരാബാദിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാനും സമാധാനവും ക്രമസമാധാനവും നിലനിർത്താനും ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. നഗരത്തിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്'- ഹൈദരാബാദ് സിറ്റിയിലെ പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് രാവിലെ 10.30ന് പ്രത്യേക സിറ്റിംഗ് ചേർന്നാണ് കേസിൽ വിധിപറയുക. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുൾ നസീർ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |