ന്യൂഡൽഹി: അയോദ്ധ്യയിലെ ബാബറി മസ്ജിദ്- രാമജന്മഭൂമി തർക്ക കേസിൽ രാജ്യം കാത്തിരുന്ന ചരിത്ര വിധി സുപ്രീം കോടതി ഇന്ന് രാവിലെ 10.30ന് പ്രഖ്യാപിച്ചു. തർക്കം നിലനിൽക്കുന്ന ഭൂമിയിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അയോദ്ധ്യ തർക്ക ഭൂമിക്ക് സമീപം പള്ളി നിർമ്മിക്കാനായി മുസ്ലീങ്ങൾക്ക് അഞ്ചേക്കർ ഭൂമി കേന്ദ്ര സർക്കാർ നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. രാമക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയെ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ നിർമോഹി അഖാഡയ്ക്ക് നടത്തിപ്പ് അവകാശം മാത്രമേ ഉള്ളൂവെന്നും ആചാരപരമായ അവകാശങ്ങളൊന്നും അവർക്കില്ലെന്നും കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. നിർമോഹി അഖാഡയുടെ ഹർജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സുന്നി വഖഫ് ബോർഡിന് ഭൂമിയിൽ കൈവശാവകാശം കോടതിയിൽ തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. കോടതി തീരുമാനം, വിശ്വാസം അനുസരിച്ചല്ല നിയമം അനുസരിച്ചാണെന്ന് വിധിയിൽ എടുത്തു പറയുന്നുണ്ട്. ക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന ട്രസ്റ്റ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങളൊന്നും കോടതി വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാം. പള്ളി നിർമ്മിക്കാൻ നൽകുന്ന അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് കൂടി താൽപര്യമുള്ള സ്ഥലത്തായിരിക്കണം. പള്ളി നിർമ്മിക്കുന്നതിനുള്ള എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകണമെന്നും സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് അര മണിക്കൂർ നീണ്ടു നിന്ന വിധി പ്രസ്താവത്തിൽ പറയുന്നു.
ബാബറി മസ്ജിദ് തകർത്തത് സുപ്രീം കോടതി വിധി അട്ടിമറിച്ച് കൊണ്ടാണ്. രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് തകർത്തതും നിയമവിരുദ്ധമാണെന്ന് പറഞ്ഞ സുപ്രീം കോടതി തർക്ക ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്ന് പറഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന് ആധികാരികതയുണ്ടെങ്കിലും അതിന്റെ മാത്രം അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം ആർക്കെന്ന് സ്ഥാപിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തരിശു ഭൂമിയിലല്ല ബാബറി മസ്ജിദ് കെട്ടിപ്പൊക്കിയത്. മസ്ജിദ് പണിതത് മറ്റൊരു നിർമ്മാണ സ്ഥലത്താണ്. അത് ഇസ്ലാമിക വിശ്വാസപരമായ നിർമ്മിതിയല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ അതൊരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കാൻ ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നാൽപ്പത് ദിവസം നീണ്ട വാദം കേട്ടതിന് ശേഷമാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠം ഇന്ന് ചരിത്രവിധി പ്രസ്താവിച്ചത്. 2010 സെപ്തംബർ 30ന് അലഹബാദ് ഹൈക്കോടതിവിധിക്കെതിരെ വിവിധ കക്ഷികൾ സമർപ്പിച്ച അപ്പീലുകളിലാണ് ചരിത്ര വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പുറമെ ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ആരംഭിച്ച വലിയ ഒരു തർക്കത്തിനാണ് രാജ്യത്തിന്റെ പരമോന്നതനീതിപീഠം തീർപ്പുകൽപ്പിച്ചത്. ഒക്ടോബർ 19നായിരുന്നു കേസിന്റെ അന്തിമവാദം പൂർത്തിയാക്കിയത്.
അയോദ്ധ്യ ഭൂമി കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിലെ ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാൾ, ധരംവീർ ശർമ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് 2010 സെപ്റ്റംബർ 30ന് വിധി പറഞ്ഞത്. മൂന്നു പേരും എഴുതിയത് വെവ്വേറെ വിധിന്യായങ്ങളായിരുന്നു. തുടർന്ന് ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ഭൂമി വിഭജിക്കാനുള്ള തീരുമാനങ്ങളിൽ എത്തുകയായിരുന്നു. 2.77 ഏക്കർ വരുന്ന ഭൂമി മൂന്നായി വിഭജിക്കാനായിരുന്നു ലക്നൗ ബെഞ്ചിന്റെ വിധി.
ഭൂമി മൂന്നായി വിഭജിക്കണമെന്നു ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാളും വിധിച്ചപ്പോൾ, ഭൂമി മുഴുവനും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതെന്ന് ജസ്റ്റിസ് ധരംവീർ ശർമ വിധിച്ചു. വിഭജനം നടത്തുമ്പോൾ, ഇപ്പോൾ താൽക്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥലം ഹിന്ദുക്കൾക്കും രാമ ഛബൂത്ര, സീത രസോയി(സീതയുടെ അടുക്കള) തുടങ്ങിയവ നിർമോഹി അഖാഡയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം പഴങ്കഥകളാക്കി ഇരുകൂട്ടർക്കും പ്രയോജനം ലഭിക്കത്തക്ക രീതിയിലുള്ള വിധിന്യായമാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |