ന്യൂഡൽഹി: ഇന്ത്യൻ ഓഹരികൾക്ക് കരുത്തായി വീണ്ടും വിദേശ നിക്ഷേപമുയരുന്നു. ഈമാസം ഇതുവരെ 6,433.80 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) വാങ്ങിയത്. കടപ്പത്ര വിപണിയിൽ 5,673.87 കോടി രൂപയുടെ വിദേശ നിക്ഷേപവും ലഭിച്ചു. കടപ്പത്രവും ഓഹരികളും ചേരുന്ന ഇന്ത്യൻ മൂലധന വിപണിയിലേക്ക് ഈമാസം ആകെ ഒഴുകിയെത്തിയ വിദേശ നിക്ഷേപം 12,107.67 കോടി രൂപയാണ്.
ഒക്‌ടോബറിൽ 16,465 കോടി രൂപയുടെയും സെപ്‌തംബറിൽ 6,558 കോടി രൂപയുടെയും വിദേശ നിക്ഷേപം ലഭിച്ചിരുന്നു. ഓഹരികളിലെ മികച്ച വാങ്ങൽ ട്രെൻഡിന്റെ കരുത്തിന്റെ ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) കഴിഞ്ഞവാരം 40,600 പോയിന്റുകൾ ഭേദിച്ച് പുതിയ ഉയരവും കുറിച്ചിരുന്നു. കോർപ്പറേറ്ര് നികുതിയിളവ്, കോർപ്പറേറ്റ് കമ്പനികളുടെ മികച്ച ജൂലായ് - സെപ്‌തംബർപാദ പ്രവർത്തനഫലം, ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി) ഉൾപ്പെടെ കൂടുതൽ നികുതികളിൽ ഇളവുണ്ടാകുമെന്ന പ്രതീക്ഷ, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജക പദ്ധതികൾ, അമേരിക്ക-ചൈന വ്യാപാരയുദ്ധം ശമിച്ചേക്കുമെന്ന വിലയിരുത്തലുകൾ എന്നിവയാണ് വിദേശ നിക്ഷേപകർക്ക് ആകർഷകമാകുന്നത്.
ഇന്ത്യൻ സമ്പദ്‌സ്ഥിതി തളർച്ചയുടെ ട്രാക്കിലാണെന്ന് പ്രമുഖ റേറ്രിംഗ് ഏജൻസികളും ധനകാര്യ സ്ഥാപനങ്ങളും ഒരേസ്വരത്തിൽ പറയുമ്പോഴും ഓഹരി-കടപ്പത്ര വിപണികളിലേക്ക് ആഭ്യന്തര - വിദേശ നിക്ഷേപം വൻതോതിൽ ഒഴുകാൻ കാരണമാകുന്നതും ഈ ഘടകങ്ങളാണ്. അതേസമയം, ഈവാരം സെൻസെക്‌സിന് വെല്ലുവിളിയായി നിരവധി ഘടകങ്ങളുണ്ട്. ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി), റീട്ടെയിൽ നാണയപ്പെരുപ്പം, മൊത്തവില നാണയപ്പെരുപ്പം, കയറ്റുമതി വളർച്ച, വ്യാപാരക്കമ്മി എന്നിവ സംബന്ധിച്ച കണക്കുകൾ ഈവാരം പുറത്തുവരുമെന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |