കെ.എസ്.എഫ്.ഇയുടെ നവീകരിച്ച ആസ്ഥാനമന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു
തൃശൂർ: വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം മുന്നോട്ടുപോകുമ്പോഴും ലോകത്തിന് തന്നെ മാതൃകയായി ഉയർന്നു നിൽക്കുകയാണ് കെ.എസ്.എഫ്.ഇയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവീകരിച്ച കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി ഘട്ടങ്ങളിലും ഇടപാടുകാരോടുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കാൻ കെ.എസ്.എഫ്.ഇയ്ക്ക് കഴിഞ്ഞു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാപനമെന്ന നിലയ്ക്കാണ് കെ.എസ്.എഫ്.ഇ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ബദൽ ധനകാര്യ സ്ഥാപനമെന്ന നിലയ്ക്കായിരുന്നു സർക്കാർ കെ.എസ്.എഫ്.ഇക്ക് തുടക്കമിട്ടത്. മൂന്നരവർഷം മുമ്പ് 236 കോടി രൂപ പ്രവർത്തനലാഭമുണ്ടായിരുന്ന കെ.എസ്.എഫ്.ഇക്ക് ഇന്ന് ലാഭം 440 കോടി രൂപയാണ്. മൊത്തം ആസ്തിയിൽ 240 കോടി രൂപയുടെ വർദ്ധനവുണ്ടായി. ഉപഭോക്താക്കളുടെ എണ്ണവും കൂടി.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ചിട്ടികളിൽ പകുതിയിലേറെയും കെ.എസ്.എഫ്.ഇയുടേതാണ്. കാലത്തിനൊത്ത ആകർഷക സംവിധാനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത് ഇതിനാലാണ്. കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടികളിൽ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്കും അംഗമാകാം. നിക്ഷേപകന്റെ മാത്രം പണമാണെങ്കിലും അത് നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംഭാവനയായാണ് മാറുന്നത്. പ്രവാസിച്ചിട്ടികളിലൂടെ ആ പണവും വികസനത്തിന് ഉപയോഗിക്കാം. നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് 30,000 കോടി രൂപയുടെ പദ്ധതികളാണ് ഈ വർഷം നടപ്പാക്കുന്നത്.
പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ കെ.എസ്.എഫ്.ഇയ്ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് ഉപഹാരം സമ്മാനിച്ചു. പൊന്നോണച്ചിട്ടി 2018ന്റെ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം നേടിയ പി. സുനിതയ്ക്ക് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചെക്ക് കൈമാറി. ആസ്ഥാനമന്ദിരം നവീകരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെയും ആർക്കിടെക്ട് ജോസ്‌ന റാഫേലിനെയും ആദരിച്ചു.
കെ.എസ്.എഫ്.ഇ ചരിത്ര പുസ്തകവും പ്രകാശനം ചെയ്തു. മന്ത്രി സി. രവീന്ദ്രനാഥ്, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ എ. പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡിവിഷൻ കൗൺസിലർ കെ. മഹേഷ് , കെ.എസ്.എഫ്.ഇ.ഒ.യു പ്രസിഡന്റ് കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു. 50 വർഷമായി കെ.എസ്.എഫ്.ഇയിൽ ഇടപാട് നടത്തുന്നവരെ ആദരിച്ചു.
''പ്രതിസന്ധി ഘട്ടങ്ങളിലും ഇടപാടുകാരോടുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കാൻ കെ.എസ്.എഫ്.ഇയ്ക്ക് കഴിഞ്ഞു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാപനമെന്ന നിലയ്ക്കാണ് കെ.എസ്.എഫ്.ഇ അഭിമാനകരമായ നേട്ടം കൈവരിച്ചത്""
പിണറായി വിജയൻ,
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |