ന്യൂഡൽഹി: മഞ്ഞുവീഴ്‌ചയും കനത്ത തണുപ്പുംമൂലം വിറങ്ങലിച്ച ലഡാക്കിലെ ജനങ്ങൾക്ക് ഉപയോഗിക്കാനായി പ്രത്യേക ഡീസൽ ലഭ്യമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സാധാരണ ഡീസൽ കനത്ത മഞ്ഞിൽ കല്ലുപോലെ ആകുമെന്നതിനാൽ വാഹന ഇന്ധനമായി ഉപയോഗിക്കാൻ ലഡാക്കുകാർക്ക് സാധിക്കാറില്ല. പൂജ്യത്തിനും താഴെ, മൈനസ് 30 ഡിഗ്രി വരെ ഇവിടെ ഊഷ്‌മാവ് താഴാറുണ്ട്.
എന്നാൽ, ഐ.ഒ.സി ഉത്‌പാദിപ്പിച്ച പുതിയ വിന്റർ ഗ്രേഡ് ഡീസൽ മൈനസ് 33 ഡിഗ്രി സെൽഷ്യസിലും ദ്രവരൂപത്തിൽ തന്നെ നിലനിൽക്കും. ഐ.ഒ.സിയുടെ പാനിപ്പത്ത് റിഫൈനറിയിലാണ്, ബി.എസ്-6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന ഈ ഇന്ധനം ഉത്‌പാദിപ്പിച്ചത്. ലെ, കാർഗിൽ മേഖലയിലെ ആവശ്യകത ഉയരുന്നതിന് അനുസരിച്ച്, ഐ.ഒ.സിയുടെ ജലന്ധർ പി.ഒ.എൽ ടെർമിനലിൽ നിന്നും വിന്റർ ഗ്രേഡ് ഡീസൽ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ലഡാക്കിലേക്കുള്ള ആദ്യ വിന്റർ ഗ്രേഡ് ഡീസലുമായുള്ള ട്രക്കിന്റെ ഫ്ളാഗ് ഓഫ് കഴിഞ്ഞദിവസം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാനിപ്പത്ത് മാർക്കറ്രിംഗ് കോംപ്ളക്‌സിൽ നടന്നു. ലേയിലെ ഔട്ട്‌ലെറ്റുകളിലേക്കാണ് ആദ്യ വിതരണം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |