ന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങൾക്ക് നൽകുന്ന ഇൻഷ്വറൻസ് പരിരക്ഷ നിലവിലെ ഒരുലക്ഷം രൂപയിൽ നിന്ന് വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. നാളെ പാലർലമെന്റിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കും. ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്ര് ഗ്യാരന്റി കോർപ്പറേഷൻ പ്രകാരം നിലവിൽ ഒരാൾക്ക് ഒരു ബാങ്കിൽ ഒരുലക്ഷം രൂപയുടെ ഇൻഷ്വറൻസാണ് ലഭിക്കുന്നത്.
വിവിധ സംസ്‌ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള നിയമവും കൊണ്ടുവരും. കേന്ദ്ര കാബിനറ്റിന്റെ അനുമതി ലഭിച്ചാൽ, സഹകരണ ബാങ്കുകളെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ടിന് കീഴിലാക്കുന്ന നിയമം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചാബ് ആൻഡ് മഹാരാഷ്‌ട്ര കോ-ഓപ്പറേറ്റീവ് (പി.എം.സി) ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയ പശ്‌ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രം ഒരുങ്ങുന്നത്.
പി.എം.സി ബാങ്കിൽ തിരിമറി കണ്ടെത്തിയതിനെ തുടർന്ന്, നിക്ഷേപങ്ങൾ പിൻവലിക്കാൻ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഉപഭോക്താക്കളെ വലച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്‌ചാത്തലത്തിൽ ക്ഷേമപദ്ധതികൾക്കുള്ള തുക സർക്കാർ വെട്ടിച്ചുരുക്കുമെന്ന വാർത്തകൾ നിർമ്മല സീതാരാമൻ നിഷേധിച്ചു. ബഡ്‌ജറ്രിൽ അനുവദിച്ച പ്രകാരമുള്ള തുക പദ്ധതികൾക്കായി വകയിരുത്താൻ എല്ലാ വകുപ്പുകളോടും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പി.എം.സി ബാങ്കിലെ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ അന്വേഷണസംഘം ബാങ്ക് ഡയറക്‌ടർമാരുടെ ആസ്‌തികൾ കണ്ടുകെട്ടിയിരുന്നു. ഈ ആസ്‌തികൾ പണമാക്കി മാറ്രി, ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപം തിരിച്ചുനൽകാൻ കഴിയുമോയെന്ന് റിസർവ് ബാങ്ക് പരിശോധിക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. രാജ്യത്ത് സാമ്പത്തികമാന്ദ്യം അതിന്റെ ഏറ്രവും രൂക്ഷസ്ഥിതിയിൽ എത്തിയെന്ന് ഇപ്പോൾ വിലയിരുത്താനാവില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ടെലികോം പ്രതിസന്ധി
പരിഹരിക്കും
രാജ്യത്ത് ടെലികോം കമ്പനികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സെക്രട്ടറിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. ടെലികോം കമ്പനികൾ തകരണമെന്നമെന്നല്ല, പ്രവർത്തനം മെച്ചപ്പെടണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
ടെലികോം കമ്പനികൾ അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഫീസിനത്തിലെ കുടിശികയായ 90,000 കോടി രൂപ കേന്ദ്രസർക്കാരിന് ഉടൻ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിൽ ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവ കഴിഞ്ഞപാദത്തിൽ 74,000 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |