കണ്ണൂർ: കഴിഞ്ഞ തവണത്തെ ചാമ്പ്യൻ സ്കൂളായ കോതമംഗലം സെന്റ് ജോർജിന്റെ അഭാവത്തിൽ എറണാകുളത്തെ പിന്തള്ളി ഇത്തവണ കിരീടം പാലക്കാട്ടേക്കെന്നുള്ള പ്രവചനം സത്യമായപ്പോൾ പലരും ബെസ്റ്റ് സ്കൂളാകുമെന്ന് നിരീക്ഷിച്ചിരുന്ന കല്ലടിയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മറികടന്ന മാജിക്കിലൂടെ കോതമംഗലം മാർബേസിൽ 2016ന് ശേഷം ഒരിക്കൽക്കൂടി ചാമ്പ്യൻ സ്കൂളായി.
മാർബേസിലിന്റെയും മാതിരപ്പള്ളിയുടെയും മണീടിന്റെയുമെല്ലാം പിൻബലത്തിൽ ഹാട്രിക്ക് കിരീടത്തിനായി എറണാകുളം പൊരുതി നോക്കിയെങ്കിലും കല്ലടി എച്ച്.എസ്.എസിന്റെയും ബി.ഇ.എം.എച്ച്.എസിന്റെയും നേതൃത്വത്തിൽ പറളിയും മാത്തൂരുമുൾപ്പെടെയുള്ള സ്കൂളുകളുടെ പിൻബലത്തോടെ പാലക്കാട് ഒാവറാൾ കിരീടം ഉറപ്പിക്കുകയായിരുന്നു. ആദ്യ ദിനം മുന്നിലായിരുന്ന പാലക്കാടിനെ പിന്തള്ളി എറണാകുളം രണ്ടാം ദിനം മുന്നിലെത്തിയെങ്കിലും മൂന്നാം ദിനം പാലക്കാട് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.
അവസാന ദിനം മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് തന്നെ കിരീടം പാലക്കാടിന് തന്നെയെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. പക്ഷേ സ്കൂളുകളിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. നാലാം ദിനം മത്സരം തുടങ്ങുമ്പോൾ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിൽ കല്ലടി സ്കൂളായിരുന്നു മുന്നിൽ. എന്നാൽ ഇന്നലെ ഫീൽഡിനങ്ങളിലും 200 മീറ്രറിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കല്ലടിയിലെ താരങ്ങൾക്ക് കഴിയാതെ വന്നതോടെ മാർബേസിൽ കിരീടം ഉറപ്പിക്കുകയായിരുന്നു.
മൂന്നാം ദിനം നടത്തത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കുട്ടി അയോഗ്യയായതും ഇന്നലെ സീനിയർ പെൺകുട്ടികളുടെ ഹാമർത്രോയിൽ മത്സരിച്ച താരം ഉദ്ദേശിച്ച നിലവാരത്തിലേക്കുയരാതിരുന്നതും 200 മീറ്രറിൽ മണിപ്പൂരി താരങ്ങൾ പിന്നാക്കം പോയതിനാലും ഇത്തവണയും കല്ലടിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
എട്ട് സ്വർണവും ആറ് വീതം വെള്ളിയും വെങ്കലവും നേടിയാണ് കഴിഞ്ഞ വർഷത്തെ മൂന്നാം സ്ഥാനക്കാരായ മാർബേസിൽ ഒന്നാമതെത്തിയത്. 2017ലാണ് ഇതിന് മുമ്പ് മാർബേസിൽചാമ്പ്യൻമാരായത്.
ഏഴാം തവണയാണ് മാർബേസിൽ ഏറ്റവും മികച്ച സ്‌കൂളാകുന്നത്. 4 സ്വർണം 11 വെള്ളി 7 വെങ്കലമടക്കം 58.33 പോയിന്റാണ് മാർബേസിലിന്റെ അക്കണ്ടിലുള്ളത്. കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസ്.എസ് മൂന്ന് വീതം സ്വർണവും വെള്ളിയും 10 വെങ്കലവുമടക്കം 32.33 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു. ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഒളിമ്പിക് ക്ലബിന്റെ മിന്നും പ്രകടനത്തിന്റെ പിൻബലത്തിൽ ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട് നാലാം സ്ഥാനവും സ്വന്തമാക്കി.
മീറ്രിന്റെ അവസാന ദിനമായ ഇന്നലെ മൂന്ന് റെക്കാഡുകളാണ് പിറന്നത്.സീനിയർ ആൺകുട്ടികളുടെ
ട്രിപ്പിൾ ജമ്പിൽ തിരുവനന്തപുരം സായ്‌യിലെ ആകാശ് എം. വർഗീസ്, സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ആൻസി സോജൻ, ഹാമർ ത്രോയിൽ എറണാകുളം മാതിരപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നി എന്നിവരാണ് ഇന്നലെ റെക്കാഡ് പുസ്തകത്തിൽ ഇടം നേടിയത്. ഇതോടെ ചാമ്പ്യൻഷിപ്പിലെ ആകെ റെക്കാഡുകളുടെ എണ്ണം പതിനഞ്ചായി. ട്രിപ്പിൾ റെക്കാഡ് സ്വന്തമാക്കി ആൻസി സോജൻ തന്റെ അവസാന സ്കൂൾ മീറ്ര് അവിസ്മരണീയമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |