കൊച്ചി: സംസ്ഥാനത്ത് പ്രകൃതിവാതകത്തിന് ഡിമാൻഡ് ഏറിയതോടെ, കൊച്ചിയിലെ പെട്രോനെറ്റ് എൽ.എൻ.ജിക്ക് നല്ലകാലം തെളിഞ്ഞു. ബി.പി.സി.എൽ കൊച്ചി റിഫൈനറി, കേന്ദ്ര പൊതുമേഖലാ വളം നിർമ്മാണശാലയായ ഫാക്‌ട്, വാഹന മേഖല എന്നിവിടങ്ങളിൽ നിന്നാണ് പ്രകൃതി വാതകത്തിന് ആവശ്യമേറിയത്.
ച്ചി പുതുവൈപ്പിലെ പെട്രോനെറ്ര് എൽ.എൻ.ജി ടെർമിനലിന്റെ പ്രതിവർഷ സംഭരണശേഷി അഞ്ച് മില്യൺ മെട്രിക് ടണ്ണാണ്. കഴിഞ്ഞ സാമ്പത്തിക വർഷം വരെ സംഭരണശേഷിയുടെ പത്തു ശതമാനം മാത്രമാണ് ഉപയോഗിച്ചത്. നടപ്പുവർഷം ഇത് 20 ശതമാനമായി ഉയർന്നു. ബി.പി.സി.എൽ കൊച്ചി റിഫൈനറി പ്രതിദിനം 2.4 മില്യൺ സ്‌റ്റാൻഡേർഡ് ക്യുബിക് മീറ്ററും (എം.എസ്.സി.എം.ഡി) ഫാക്‌ട് 0.9 എം.എസ്.ഡി.എം.ഡിയും പ്രകൃതിവാതകം വാങ്ങിയതാണ് നേട്ടമായത്.
സി.എൻ.ജി ആവശ്യങ്ങൾക്കായി വാഹന മേഖലയിൽ നിന്ന് ആവശ്യമുയർന്നതും കരുത്തായി. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്കുള്ള ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി അന്തിമഘട്ടത്തിലാണെന്നും പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ടെർമിനലിന്റെ ഉപയോഗം 40 ശതമാനമായി വർദ്ധിക്കുമെന്നും പെട്രോനെറ്ര് എൽ.എൻ.ജി കൊച്ചി ടെർമിനൽ മേധാവി ടി.എൻ. നീലകണ്ഠൻ 'കേരളകൗമുദി"യോട് പറഞ്ഞു. ജനുവരിയിൽ പൈപ്പ്‌ലൈൻ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
എൽ.എൻ.ജി ബസ്
ഡിസംബറിൽ കൊച്ചിയിൽ
ഇന്ത്യയിൽ തന്നെ ആദ്യം
എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) ഇന്ധനമായി പ്രവർത്തിക്കുന്ന ബസ്, രാജ്യത്തുതന്നെ ആദ്യമായി അടുത്തമാസം മദ്ധ്യത്തോടെ പെട്രോനെറ്ര് കൊച്ചിയിൽ നിരത്തിലിറക്കും. പരീക്ഷണാടിസ്ഥാനത്തിൽ ജീവനക്കാർക്കായാണ് രണ്ടു ബസുകൾ പുറത്തിറക്കുക. പരിസ്ഥിതസൗഹാർദ്ദമായ ബസ് രൂപകല്‌പന ചെയ്യുന്നത് ടാറ്റ മോട്ടോഴ്‌സാണ്.
ഡീസലിനെ അപേക്ഷിച്ച് ഇന്ധനച്ചെലിൽ 25 ശതമാനം വരെ ലാഭിക്കാമെന്നതാണ് എൽ.എൻ.ജി ബസിന്റെ സവിശേഷത.
ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 800 കിലോമീറ്രർ ഓടാം.
പൊതുജനങ്ങളെയും കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുടമകൾ എന്നിവരെയും ബസ് പരിചയപ്പെടുത്തുകയും ലക്ഷ്യമാണ്.
സംസ്ഥാനത്ത് മത്സ്യബന്ധന ബോട്ടുകളെയും എൽ.എൻ.ജിയിലേക്ക് മാറ്റാൻ പെട്രോനെറ്ര് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
എൽ.എൻ.ജി റീട്ടെയിൽ
ഔട്ട്‌ലെറ്റുകൾ ഉടൻ
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, എടപ്പാൾ എന്നിവിടങ്ങളിൽ എൽ.എൻ.ജി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കുന്നതും പെട്രോനെറ്രിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്.
₹4,700 കോടി
കൊച്ചി പുതുവൈപ്പിൽ 4,700 കോടി രൂപ നിക്ഷേപത്തോടെ നിർമ്മിച്ച പെട്രോനെറ്ര് എൽ.എൻ.ജി ടെർമിനൽ കമ്മിഷൻ ചെയ്യപ്പെട്ടത് 2013ലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |