കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ ഏറ്റവും വലിയ സൗരോർജ ഷോപ്പിംഗ് മാളാകാൻ ഹൈലൈറ്റ്. ഇൻകെല്ലുമായി ചേർന്ന് ഹൈലൈറ്റ് മാളുകളുടെ പ്രവർത്തനത്തിനാവശ്യമായ മുഴുവൻ വൈദ്യുതിയും സൗരോർജ്ജത്തിലൂടെ സ്വന്തമായി ഉത്പാദിപ്പിക്കും. ആദ്യഘട്ടത്തിൽ ഹൈലൈറ്റിന്റെ കോഴിക്കോട്, തൃശൂർ മാളുകളിലാണ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഇതോടെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മാൾ ശൃംഖലയായി ഹൈലൈറ്റ് മാറും.
നിലവിലെ നാല് മാളുകൾക്ക് പുറമെ ആറ് പുതിയ മാളുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്, കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രിയും ഇൻകെൽ ചെയർമാനുമായ പി.രാജീവിന്റെ സാന്നിദ്ധ്യത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദും ഹൈലൈറ്റ് അർബൻ സി.ഇ.ഒ മുഹമ്മദ് ഫവാസും ടേം ഷീറ്റ് കൈമാറി.
മാളുകളിലെ മുഴുവൻ ലൈറ്റ്, എലിവേറ്ററുകൾ, എയർ കണ്ടീഷനിംഗ്, ഫുഡ് കോർട്ടുകൾ, പാർക്കിംഗ് ഏരിയകൾ, ഡിജിറ്റൽ ഡിസ്‌പ്ലേകൾ എന്നിവയെല്ലാം സോളാറിലായിരിക്കും പ്രവർത്തിക്കുന്നത് .
കോഴിക്കോട് മാളിന് എട്ട് മെഗാവാട്ടിന്റെയും തൃശൂരിന് മൂന്ന് മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്ലാന്റുകളും, ഹൈലൈറ്റ് മാൾ കാലിക്കറ്റിൽ ഒരു മെഗാവാട്ടിന്റെ റൂഫ്‌ടോപ്പ് സിസ്റ്റവും ഉൾപ്പെടുന്നു. ദിവസേന 48,000 യൂണിറ്റിലധികം വൈദ്യുതി ഉത്പ്പാദിപ്പിക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും സംരംഭകപരിസ്ഥിതി ഉത്തരവാദിത്തങ്ങൾക്ക് കരുത്തു പകരുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിലും പ്രതിജ്ഞബദ്ധരാണെന്ന് ഹൈലൈറ്റ് അർബൻ സി.ഇ.ഒ മുഹമ്മദ് ഫവാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |