ഓഹരി തട്ടിപ്പിലൂടെ നേടിയത് 43,290 കോടി രൂപ
കൊച്ചി: ഇന്ത്യൻ ഓഹരിവിപണിയിലെ തിരിമറിയിലൂടെ 43,290 കോടി രൂപ (500 കോടി ഡോളർ) അനധികൃത നേട്ടമുണ്ടാക്കിയ അമേരിക്കയിലെ നിക്ഷേപ സ്ഥാപനമായ ജെയ്ൻ സ്ട്രീറ്റിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് (സെബി) നിരോധനം ഏർപ്പെടുത്തി. ഓഹരികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ജെയ്നിനും ഉപകമ്പനികൾക്കും വിലക്കേർപ്പെടുത്തിയതിനൊപ്പം കനത്തപിഴയും ചുമത്തി. ജെയ്ൻ സ്ട്രീറ്റിന്റെ അക്കൗണ്ടിലുള്ള 4,800 കോടി രൂപ പിടിച്ചെടുക്കാനും സെബി നിർദ്ദേശിച്ചു.
ഓഹരി ഇൻഡെക്സുകളിൽ വലിയ പൊസിഷനുകളെടുത്ത് തിരിമറി നടത്തുകയായിരുന്നു. ഇവരുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ, ഡീമാറ്റ് അക്കൗണ്ടുകൾ എന്നിവ മരവിപ്പിക്കാനും പണം പിൻവലിക്കുന്നത് തടയാനും സെബി വിവിധ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. സെബിയുടെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ അക്കൗണ്ടുകളിലെ പണം പിൻവലിക്കാൻ ജെയ്നിന് കഴിയൂ. തട്ടിപ്പിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം നേരിട്ടുവെന്നും സെബി വ്യക്തമാക്കുന്നു. ഒരു വിദേശ ധനകാര്യ സ്ഥാപനത്തിനെതിരെ ഇന്ത്യയിലെ നിയന്ത്രണ ഏജൻസി സ്വീകരിക്കുന്ന ഏറ്റവും വലിയ നിയമനടപടിയാണിത്.
മോഡസ് ഓപ്പറാണ്ടി
അവധി വ്യാപാര (ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ്) ഇടപാടുകളിലൂടെ ഓഹരിവില കൃത്രിമമായി ഉയർത്തുകയും താഴ്ത്തുകയും ചെയ്ത് അന്യായമായി ലാഭമുണ്ടാക്കിയെന്നാണ് ജെയ്ൻ സ്ട്രീറ്റിന് എതിരെയുള്ള ആരോപണം. ഓഹരി ഇൻഡെക്സുകളുടെ പ്രതിദിന തിരിമറി തന്ത്രമാണ് ഇതിനായി പയറ്റിയത്. രാവിലെ വ്യാപാരം തുടങ്ങുന്ന സമയത്ത് ബാങ്ക്നിഫ്റ്റി കൊമ്പോണന്റുകൾ വൻതോതിൽ വാങ്ങിക്കൂട്ടുകയും വിലയിൽ കുതിപ്പുണ്ടാക്കിയതിനുശേഷം ഉച്ചകഴിഞ്ഞ് പൊസിഷനിൽ മാറ്റം വരുത്തി വില്പന സമ്മർദ്ദം സൃഷ്ടിച്ച് ഓഹരിവില ഇടിക്കുന്ന രീതിയാണ് പിന്തുടർന്നത്. ഭാവിയിലെ നിശ്ചിതതീയതിയിലെ ഓഹരിവില കണക്കിലെടുത്ത് ഏർപ്പെടുന്ന കരാറുകളാണ് അവധി വ്യാപാരം എന്നറിയപ്പെടുന്നത്.
ആരാണ് ജെയ്ൻ സ്ട്രീറ്റ്
അമേരിക്കയിലെ ഓഹരി വ്യാപാരികളും സാങ്കേതിക വിദഗ്ദ്ധരും ചേർന്ന് 2,000ൽ ന്യൂയോർക്കിൽ സ്ഥാപിച്ച ജെയ്ൻ സ്ട്രീറ്റിന് യു.എസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി അഞ്ച് ഓഫീസുകളും 2,600 ജീവനക്കാരുമുണ്ട്. 45 രാജ്യങ്ങളിലെ ഓഹരി വിപണികളിലാണ് സ്ഥാപനം വ്യാപാരം നടത്തുന്നത്.
സ്റ്റോക്ക് ഫ്യൂച്ചറുകളിൽ 100 കോടി ഡോളർ നഷ്ടം
മനപ്പൂർവം സൃഷ്ടിച്ച് ഓപ്ഷൻസിലൂടെ നേടിയ ലാഭം 500 കോടി ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |