തിരുവനന്തപുരം: ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്‌പ്രേ ആക്രമണമുണ്ടായ സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് കമ്മിഷൻ നിർദേശം നൽകി. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ബിന്ദു അമ്മിണിയെ ആക്രമിച്ചത് ക്രൂരമായ നടപടിയാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത്തരമൊരു ക്രൂരമായ കൃത്യം ചെയ്തവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ശബരിമല സന്ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം കമ്മിഷണർ ഓഫീസിൽ എത്തിയിരുന്നു. ബിന്ദു അമ്മിണിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ശബരിമല ദർശനത്തിനായി യുവതികൾ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ കമ്മിഷണർ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരിലൊരാൾ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്‌പ്രേ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |