ട്രിനിഡാഡ് : പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ വെച്ച കേസിലെ പ്രതി ആൾദൈവം നിത്യാനന്ദ ഇക്വഡോറിന്റെ അധീനതയിലായിരുന്ന സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം രാജ്യം തന്നെ സ്ഥാപിച്ചിരിക്കുകയാണ്. 'കൈലാസ' എന്നാണ് തന്റെ പുതിയ രാജ്യത്തിന് നിത്യാനന്ദ പേരിട്ടിരിക്കുന്നത്. ആരോപണങ്ങളെ തുടർന്ന് നിത്യനന്ദ വിദേശത്തേക്ക് കടന്നതായി ഗുജറാത്ത് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ അക്കാര്യത്തിൽ വ്യക്തത കുറവുണ്ടെന്ന് കേന്ദ്രവും പറഞ്ഞിരുന്നു. താൻ പരമാധികാര സനാതന ഹിന്ദു ധർമ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായാണ് നിത്യാനന്ദ പ്രഖ്യാപിച്ചിരിക്കുന്നത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രനിഡാഡ് ആന്റ് ടുബാക്കോയിക്ക് സമീപമാണ് നിത്യാനന്ദയുടെ കൈലാസ രാജ്യം. രാജ്യത്തെ കുറിച്ച് പ്രഖ്യാപനം വന്നതിന് പിന്നാലെ രാജ്യത്തിന്റെ പതാകയും പാസ്‌പോർട്ടും നിത്യനന്ദ പുറത്തിറക്കി. കടും കാവി നിറത്തിലുള്ള നിത്യാനന്ദയുടെയും ശിവന്റെയും ഉൾപ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും ഉള്ളതാണ് പതാക.
കൂടാതെ രണ്ട് തരത്തിലുള്ള പാസ്‌പോർട്ടും ഇയാൾ പുറത്തിറക്കിയിട്ടുണ്ട്. ഹിന്ദുധർമ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആർക്കും ഈ രാജ്യത്തെ പൗരൻമാരാകാമെന്നും അതിർത്തികൾ ഇല്ലാത്ത രാജ്യമാണിതെന്നും നിത്യാനന്ദ പറയുന്നുണ്ട്. നാല് കുട്ടികളെ തട്ടിക്കൊണ്ട് പോയതിനാണ് ആൾദൈവമായ നിത്യാനന്ദക്കെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ശിഷ്യരായ സാധ്വി പ്രാൺ പ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരൺ എന്നിവരെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ അനധികൃതമായി ഫ്‌ളാറ്റിൽ താമസിപ്പിച്ചതിനും കുട്ടികളെ കൊണ്ട് ബാല വേല ചെയ്യിച്ചതിനുമാണ് ഇവരെ പൊലീസ് പിടികൂടിയത്. ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |