ന്യൂഡൽഹി: എൻ.സി.പി എം.എൽ.എ അജിത് പവാർ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചർച്ച നടത്തിയതിനെ കുറിച്ച് തനിക്കറിയാമായിരുന്നു എന്ന് വെളിപ്പെടുത്തി എൻ.സി.പി തലവൻ ശരദ് പവാർ. അതേസമയം കാര്യങ്ങൾ ഇത്രത്തോളം എത്തുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. കോൺഗ്രസുമായുള്ള സംഖ്യം എങ്ങനെ മുന്നോട്ട് പോകുമെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് അജിത് പവാർ തന്റെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നുവെന്നും ത്രികക്ഷി സഖ്യവുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച അജിത് പവാർ അന്ന് രാത്രിതന്നെ ഫഡ്‌നാവിസിനൊപ്പം ചേരുമെന്ന് കരുതിയില്ലെന്നും ശരദ് പവാർ പറഞ്ഞു.
എൻ.സി.പിയും ബി.ജെ.പിയും തമ്മിൽ ചർച്ച നടത്താമെന്ന് ബി.ജെ.പി നേതാക്കളിൽ നിന്നും നിർദ്ദേശമുണ്ടായിരുന്നു. അജിത് പവാറും ഫഡ്‌നാവിസും തമ്മിൽ അപ്പോൾ ചർച്ച നടക്കുന്നുണ്ടായിരുന്നു. പക്ഷേ അത് ഈ അറ്റംവരെ പോകുമെന്ന് കരുതിയില്ല. നവംബർ 23 ന് രാവിലെ 6.30 ന് അജിത് പവാർ ഫഡ്നാവിസിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി. ശരദ് പവാർ പറയുന്നു. ഒരു ദേശീയ മാദ്ധ്യമവുമായുള്ള അഭിമുഖത്തിലാണ് എൻ.സി.പി തലവൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
എന്നാൽ മഹാരാഷ്ട്ര മന്ത്രിസഭയിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ശരദ് പവാർ വ്യക്തമായ ഉത്തരം നൽകാൻ തയാറായില്ല. അജിത് പവാർ ഉപമുഖ്യമന്ത്രിയാകുമോ എന്ന് തനിക്ക് ഇപ്പോൾ പറയാനാവില്ലെന്നും ഇക്കാര്യം തന്റെ സഹപ്രവർത്തകരുമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും അജിത് ബി.ജെ.പി.യിലേക്ക് പോയതിൽ അവർക്ക് അതൃപ്തിയുണ്ടെങ്കിലും പാർട്ടിയിലെ അംഗങ്ങൾക്ക് അദ്ദേഹത്തോട് പൂർണമായ ബഹുമാനമുമാണെന്നും ശരദ് പവാർ പറയുന്നു. ഒന്നിച്ച് പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും താൻ അത് നിരസിക്കുകയായിരുന്നുവെന്ന് ശരദ് പവാർ മുൻപ് വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |