ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ ഇടപാട് കേസിൽ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ പി. ചിദംബരം ജയിൽമോചിതനായി. രാത്രി എട്ടോടെയാണ് ചിദംബരം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തനിക്കുമേൽ ചുമത്തിയ കുറ്റങ്ങളൊന്നും തെളിയിക്കാൻ അവർക്ക് സാധിച്ചില്ലെന്ന് ചിദംബരം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജയിലിന് പുറത്ത് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ചിദംബരത്തിന് വൻസ്വീകരണം നൽകി.
രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം, അന്വേഷണത്തോട് സഹകരിക്കണം, മാധ്യമങ്ങൾക്ക് അഭിമുഖം നല്‍കരുത്, പരസ്യ പ്രസ്താവന നടത്തരുത്,കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത്‌എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹർജിയിൽ വാദം കേട്ടത്.
ഐ.എൻ.എക്സ് മീഡിയ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് പി. ചിദംബരം ജയിലിലായത്. ഇതിനെതിരെ വിചാരണക്കോടതിയിൽ ചിദംബരം നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹർജി തള്ളിയ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |