സൺഗ്രൂർ (പഞ്ചാബ് ):65ാമത് ദേശീയ സബ്‌ജൂനിയർ - ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ രണ്ടാം ദിനം കേരളത്തിന് കടുത്ത നിരാശയുടേത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റിറിൽ എസ്. അക്ഷയ് (ജി.വി.രാജ) വെള്ളിയും സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അഖിലമോൾ (കല്ലടി എച്ച്.എസ്.എസ്, കുമരംപുത്തൂർ) ഹൈ ജമ്പിൽ വെങ്കലവും നേടി ഫൈനലുകളുടെ ആദ്യ ദിനം തൃപ്തിപ്പെടേണ്ടി വന്നു. ഇതോടെ നിലവിൽ 20 പോയിൻ്റുമായി പത്താം സ്ഥാനത്താണ് മീറ്റിൽ കേരളത്തിൻ്റെ സ്ഥാനം.ഉത്തർപ്രദേശ് (36), തമിഴ്നാട് (35), എന്നീ സംസ്ഥാനങ്ങളാണ് ആദ്യ സ്ഥാനത്ത്.
400 മീറ്റിറിൽ സ്വർണ്ണം നേടിയ ഉത്തർപ്രദേശിലെ കായികതാരം പ്രായത്തിൽ കൃതൃമം കാണിച്ചെന്ന് ആരോപിച്ച് ടീം അധികൃതർ സംഘാടകർക്ക് പരാതി നൽകിയിട്ടുണ്ട്.ഫൈനൽ സെമി ഫൈനൽ ഇനങ്ങളിലായി 17 ഇനങ്ങളിലാണ് ഇന്നലെ താരങ്ങൾ ട്രാക്കിലിറങ്ങിയത്. ജൂനിയർ ആൺകുട്ടികളുടെ ഫൈനൽ വിഭാഗത്തിൽ കെ.പി. പ്രവീണിന് പതിനേഴാം സ്ഥാനം, ജൂനിയർ പെൺകുട്ടികളുടെ ഹൈ ജമ്പ് വിഭാഗത്തിൽ കെ.സി. അഞ്ചിമ , രോഷ്ന അഗസ്റ്റിൻ എന്നിവർ നാല്, ആറ് സ്ഥാനങ്ങളിലും 400 മീറ്ററിൽ എൽഗ തോമസ് , പ്രതിഭ വർഗീസ് എന്നിവർ 5,8 സ്ഥാനം നേടി.100 മീറ്ററിൽ ആൺകുട്ടികളും പെൺകുട്ടികളും സെമി ഫൈനലിൽ തന്നെ പുറത്തായി.സബ് ജൂനിയർ ആൺകുട്ടികൾ യോഗ്യത റൗണ്ടിൽ തന്നെ പുറത്തായി.പെൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിൽ 400 മീറ്ററിൽ ശാരിക സുനിൽകുമാർ, മയൂഖ വിനോദ് എന്നിവർ 4,6 സ്ഥാനങ്ങളിൽ എത്തിയതാണ് ആകെ പറയാനുള്ള ഫൈനൽ പ്രകടനം. മീറ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ആകെ ഒൻപത് ഫൈനലുകളാണുള്ളത്. ഇരുവിഭാഗത്തിലും ചാമ്പ്യൻ പട്ടം നിലനിർത്താനുള്ള പോരാട്ടവുമായാകും ഇന്ന് കേരളത്തിൻ്റെ കുഞ്ഞ് താരങ്ങൾ ട്രാക്കിലിറങ്ങുക.
റെക്കോഡ് വേട്ടയുടെ പെരുമഴ
മുൻ വർഷങ്ങളിലെ റെക്കോർഡുകളെ ചാടിയും ഓടിയും കടന്ന് മികച്ച പ്രകടനങ്ങളാണ് പല ടീമും ഇന്നലെ കാഴ്ചവച്ചത്. കോച്ച് പോലുമില്ലാതെ സ്വന്തം അധ്വാനത്തിൽ പരിശ്രമിച്ച് ഹരിയാന സ്വദേശി ഖ്യാത്തി മാത്തൂർ ജൂനിയർ പെൺകുട്ടികളുടെ ഹൈ ജമ്പിൽ 1.68 ചാടി റെക്കോർഡിട്ടു. 2015ലെ 1.67 എന്ന റെക്കോർഡാണ് ഖ്യാത്തി തിരുത്തിയത്. ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സന്യ യാദവ് (44.25മീറ്റർ), കിരൺ (43.66 മീറ്റർ) എന്നിങ്ങനെ ചാടി ഒന്നും രണ്ടും സ്ഥാനം നേടി റെക്കോർഡ് തിരുത്തിക്കുറിച്ചു. ആൺകുട്ടികളുടെ ജൂനിയർ 500 മീറ്ററിൽ ബജ്റംഗി പ്രജാപതി 20.2.71 ൽ പൂർത്തിയാക്കി റെക്കോർഡിന് അധിപനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |