കോവളം:കണ്ണടച്ച് തുറക്കും മുമ്പാണ് ഒരാളുടെ ജീവിതം മാറിമറിയുന്നത്. ശനിയാഴ്ച രാവിലെ വരെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെട്ടിരുന്ന ടാക്‌സി ഡ്രൈവറായിരുന്നു ചൊവ്വര വണ്ടാഴംനിന്ന വീട്ടിൽ കൃപാസദനത്തിൽ ഷാജി. എന്നാൽ ഇന്നലെ വൈകീട്ട് 33 കാരനായ യുവാവിനെ തേടിയെത്തിയത് ഒരു കോടിരൂപയാണ്.
ശനിയാഴ്ച രാവിലെ ഷാജിയുടെ കൈയിൽ ആകെയുണ്ടായിരുന്നത് 50 രൂപയാണ്. 9,12 എന്നീ നമ്പരുകളുണ്ടെങ്കിൽ കടംവാങ്ങിയാണെങ്കിലും ലോട്ടറി എടുക്കുന്നയാളാണ് ഷാജി. രാവിലെ 9.30 ഓടെ കെ.ഡി 841039 എന്ന നമ്പറിലുള്ള കാരുണ്യ ലോട്ടറി എടുത്തു. വൈകീട്ടോടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ സമ്മാനം കിട്ടിയ വിവരം അറിഞ്ഞു.
ചെറുവെട്ടുകാട് സെന്റ് സെബാസ്ത്യാനോസ് പള്ളിയിലെ ഗായകസംഘത്തിലെ പാട്ടുകാരനാണ് ഷാജി. തനിക്ക് ലോട്ടറിയടിച്ചാൽ പള്ളിയിലേക്ക് പുത്തൻ മ്യൂസിക് സിസ്റ്റം വാങ്ങി നൽകാമെന്ന് സുഹൃത്തുകൂടിയായ കപ്യാർ സന്തോഷിനോട് വെള്ളിയാഴ്ച ഷാജി പറഞ്ഞിരുന്നു. തൊട്ടുപിറ്റേന്ന് ഭാഗ്യദേവത കടാക്ഷിക്കുകയും ചെയ്തു.
ബാങ്കിൽ പണയം വെച്ചിരിക്കുന്ന ഭാര്യ അഞ്ജുവിന്റെ സ്വർണം തിരികെ എടുക്കണം, താമസിക്കാൻ നല്ലൊരു വീടും,ടാക്സിയും വാങ്ങിത്തന്നത് അഞ്ജുവിന്റെ അച്ഛനാണ് അവരെ സഹായിക്കണം, സഹോദരി ഷൈനിക്ക് സമ്മാനത്തിൽ നിന്ന് ഒരു തുക നൽകണം, സുഹൃത്ത് സന്തോഷിന് ഓട്ടോറിക്ഷ വാങ്ങി നൽകണം, എകമകൻ ഡാനിയുടെ പേരിൽ ഒരു തുക നിക്ഷേപിക്കണം എന്നിങ്ങനെ നിരവധി ആഗ്രഹങ്ങൾ ഷാജിക്ക് ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |