ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിനെതിരെ രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ്. ബി.ജെ.പി രാജ്യസഭ എം.പി ജി.വി.എൽ നരസിംഹ റാവുമാണ് നോട്ടീസ് നൽകിയത്. പാർലമെന്റിന്റെ അധികാരങ്ങളെ ഹനിക്കുന്നതാണ് പിണറായിയുടെ നടപടിയെന്നും. പ്രമേയം പാസാക്കിയത് ഭരണ ഘടനാ വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നു.
രാജ്യസഭ അദ്ധ്യക്ഷനായ ഉപരാഷ്ട്രപതിക്കാണ് നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച ചേരുന്ന അവകാശ സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. രാജ്യസഭ അവകാശ സമിതിയിലെ അംഗം കൂടിയാണ് നരസിംഹ റാവു
മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്നതും, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതി നമ്മുടെ നാടിനെ കുറിച്ച് രാജ്യാന്തര സമൂഹത്തിൽ തെറ്റായ സന്ദേശമാണ് ഉയർത്തിയത്. നിലവിലെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. മതവിദ്വേഷത്തിന്റേയല്ല മറിച്ച് മതവിശ്വാസത്തെ ബഹുമാനിക്കുന്ന പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ടു പോകേണ്ടതാണ് സെൻസസ് പ്രവർത്തനങ്ങൾ. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ പ്രകാരം സെൻസസ് നടപടികൾ നടത്തുന്നത് ആശങ്കക്ക് ഇടയാക്കും. അതിനാലാണ് ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തയാറാക്കുന്നത് നിറുത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.-മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |